ചൂരൽമല മുണ്ടക്കൈ ദുരന്തം ; ഉള്ള് പൊട്ടിയ ഓർമ്മക്ക് നാളെ ഒരു വർഷം : സ്ക്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനാചരണം

ചൂരൽമല മുണ്ടക്കൈ ദുരന്തത്തിന്റെ ഒരാണ്ട്. സംസ്ഥാനത്ത് സ്കൂളുകളിൽ നാളെ ഒരു മിനിറ്റ് മൗനം ആചരിക്കും. രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി. 2024 ജൂലൈ 30ന് ഉണ്ടായ ഉരുൾപൊട്ടലിൽ 52 വിദ്യാർത്ഥികൾ മരണപ്പെട്ടിരുന്നു.

മരിച്ചുപോയ വിദ്യാർത്ഥികളോടുള്ള ആദരസൂചകമായും, കൂട്ടായ ദുഃഖം പ്രകടിപ്പിക്കുന്നതിന്റെയും ഭാഗമായി സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നാളെ രാവിലെ 10 മണിക്ക് ഒരു മിനിറ്റ് മൗനം ആചരിക്കാൻ പൊതു വിദ്യാഭ്യാസ വകുപ്പ് നിർദേശം നൽകി.

വയനാട് ഉരുൾപൊട്ടൽ ദുരന്തത്തില്‍ ആകെ 298 പേര്‍ മരിച്ചതായാണ് സംസ്ഥാന സർക്കാരിൻ്റെ ഔദ്യോഗിക കണക്ക്. ദുരന്തത്തിൽപെട്ട 32 പേരെ ഇനിയും കണ്ടെത്താനായിട്ടില്ല. രണ്ട് മാസം മുൻപ് സർക്കാർ ഇനിയും കണ്ടെത്താനാകാത്ത ഈ 32 പേരെയും മരിച്ചതായി കണക്കാക്കി.

അതേസമയം മുണ്ടക്കൈ- ചൂരൽമല പുനരധിവാസം ഏതൊരു വിഷമസന്ധിയെയും ഒറ്റക്കെട്ടായി മറികടക്കുന്ന കേരള മാതൃകയുടെ മഹത്തായ പ്രതീകമാണെന്നും പുനരധിവാസം മികച്ച രീതിയിൽ പൂർത്തീകരിക്കാൻ വിട്ടുവീഴ്ചയില്ലാത്ത പ്രവർത്തനങ്ങളുമായി ഒറ്റക്കെട്ടായി നമുക്കു മുന്നോട്ടു പോകാമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കേരളം കണ്ട സമാനതകളില്ലാത്ത ദുരന്തത്തിന് ഒരു വർഷം തികയുന്ന വേളയിൽ പുറത്തിറക്കിയ കുറിപ്പിലാണ് മുഖ്യമന്ത്രി ഇക്കാര്യം പറഞ്ഞത്.