ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കുമെന്ന് സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ സച്ചിദാനന്ദന്‍

തൃശൂര്‍: പ്രതിഫലത്തെ ചൊല്ലി രൂക്ഷവിമര്‍ശനം ഉന്നയിച്ച ബാലചന്ദ്രന്‍ ചുള്ളിക്കാടിന് മാന്യമായ പ്രതിഫലം നല്‍കുമെന്ന് കേരള സാഹിത്യ അക്കാദമി അധ്യക്ഷന്‍ കെ. സച്ചിദാനന്ദന്‍. അഡ്മിനിസ്‌ട്രേഷന്റെ ഭാഗത്ത് നിന്ന് സംഭവിച്ച പ്രശ്‌നമാണിത്. പരിമിതമായ ഫണ്ട് കൊണ്ട് നടത്തിയ ഉത്സവമായിരുന്നു. കിലോമീറ്റര്‍ കണക്കാക്കിയാണ് ചുള്ളിക്കാടിന് പണം നല്‍കിയതെന്നും സച്ചിദാനന്ദന്‍ പറഞ്ഞു.

സംഭവത്തെക്കുറിച്ച് ഫേസ്ബുക്കില്‍ കുറിച്ചെന്നും അത് ആരെയും ഉദ്ദേശിച്ചല്ല, പൊതുവായി പറഞ്ഞതാണെന്നും ബാലചന്ദ്രന്‍ തന്നെ അറിയിച്ചിരുന്നതായി സച്ചിദാനന്ദന്‍ പറഞ്ഞു. ദുഃഖകരമായ കാര്യമാണിത്. ഉടന്‍ നടപടി എടുത്തെന്നും അദ്ദേഹം വ്യക്തമാക്കി.

അക്കാദമി ജനുവരി 30ന് തൃശൂരില്‍ സംഘടിപ്പിച്ച അന്താരാഷ്ട്ര സാഹിത്യോത്സവത്തില്‍ പ്രസംഗിച്ചതിന് ലഭിച്ച പ്രതിഫലത്തെ ചൊല്ലിയായിരുന്നു തര്‍ക്കം. പരിപാടിക്ക് പോയിവരാന്‍ 3500 രൂപ ചെലവായെന്നും പ്രതിഫലമായി കിട്ടിയത് 2400 രൂപയാണെന്നും പറഞ്ഞാണ് ബാലചന്ദ്രന്‍ ചുള്ളിക്കാട് രംഗത്തുവന്നത്. ഇതാണ് തനിക്ക് കേരളജനത നല്‍കിയ വില. ഇനി തന്നെ ഇത്തരം പരിപാടികള്‍ക്ക് വിളിക്കേണ്ടെന്നും ചുള്ളിക്കാട് പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *