IAS, IPS ആകാം, സിവില്‍ സര്‍വീസ് പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം

IAS & IPS ഉള്‍പ്പടെ സിവില്‍ സര്‍വ്വീസിലെ വിവിധ വിഭാഗങ്ങളിലെ തെരഞ്ഞെടുപ്പിനുള്ള പ്രാഥമിക പരീക്ഷയായ പ്രിലിമിനറി പരീക്ഷയ്ക്ക് ഇപ്പോള്‍ അപേക്ഷിക്കാം. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന് ഫെബ്രുവരി 21 ന് വൈകിട്ട് ആറുവരെ സമയമുണ്ട്.
ഇന്ത്യയൊട്ടാകെ 1105 ഒഴിവുകളിലേക്കാണ് ഉദ്യോഗാര്‍ത്ഥികള്‍ക്കവസരം. പരീക്ഷയുടെ ആദ്യഘട്ടമാണ് പ്രിലിമിനറി പരീക്ഷ. പ്രിലിമിനറി പരീക്ഷയ്ക്ക് രണ്ട് പേപ്പറുകളാണുള്ളത്. ഇതില്‍ മികവു പുലര്‍ത്തിയാലേ മെയിന്‍ പരീക്ഷയെഴുതാന്‍ യോഗ്യത ലഭിക്കൂ. തുടര്‍ന്നുള്ള ഇന്റര്‍വ്യൂവില്‍ കൂടി വിജയിച്ചാല്‍ അന്തിമ പട്ടികയിലിടം പിടിക്കാം.
സിവില്‍ സര്‍വ്വീസ് പരീക്ഷക്ക് അപേക്ഷിക്കാന്‍ ബിരുദമാണ് അടിസ്ഥാനയോഗ്യത. മെയിന്‍ പരീക്ഷയ്ക്കുള്ള അപേക്ഷ സമര്‍പ്പണമാകുമ്പോഴേക്കും ബിരുദഫലം അറിയാനിടയുള്ള നിലവിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ഥികള്‍ക്കും ഇപ്പോള്‍ അപേക്ഷിക്കാനവസരമുണ്ട്. മെഡിക്കല്‍ ബിരുദക്കാര്‍ക്ക്, അവര്‍ ഇന്റേണ്‍ഷിപ് പൂര്‍ത്തിയാക്കിയ സര്‍ട്ടിഫിക്കറ്റ് ഇന്റര്‍വ്യൂവിന് ഹാജരാക്കിയാല്‍ മതിയാകും. ഇതു കൂടാതെ സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനല്‍ യോഗ്യതയുള്ളവര്‍ക്കും പരീക്ഷയെഴുതാവുന്നതാണ്.ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പാടുള്ളൂ.

2023 ഓഗസ്റ്റ് ഒന്നിന് 21-32 വയസ്സ് വരെയുള്ള പൊതു വിഭാഗക്കാര്‍ക്കും 37 വയസ്സുള്ള പട്ടികജാതി/പട്ടിക വര്‍ഗ്ഗ വിഭാഗക്കാര്‍ക്കും 35 വയസ്സുള്ള പിന്നാക്ക വിഭാഗക്കാര്‍ക്കും അപേക്ഷിക്കാം. ഇതു കൂടാതെ, ഭിന്നശേഷിക്കാര്‍ക്ക് 42 വയസ്സുവരെയും വിമുക്തഭടര്‍ക്ക് നിയമാനുസൃത ഇളവും ലഭിക്കും.

പ്രിലിമിനറി പരീക്ഷയ്ക്ക് ഓണ്‍ലൈനായി ഫെബ്രുവരി 21വരെ അപേക്ഷിക്കാം. ആവശ്യമെങ്കില്‍ ഫെബ്രുവരി 21 മുതല്‍ 28 വരെ അപേക്ഷയില്‍ തിരുത്തല്‍ വരുത്താനും അവസരമുണ്ടാകും.

പ്രിലിമിനറി പരീക്ഷയ്ക്ക്, തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളില്‍ കേന്ദ്രമുണ്ട്. മെയിന്‍ പരീക്ഷയ്ക്ക് കേരളത്തില്‍ തിരുവനന്തപുരത്തു മാത്രമാണു കേന്ദ്രമുള്ളത്.
കൂടുതല്‍ വിവരങ്ങള്‍ക്ക് അപേക്ഷ സമര്‍പ്പിക്കാനും https://upsconline.nic.in എന്ന വെബ്‌സൈറ്റ് സന്ദര്‍ശിക്കുക.

Leave a Reply

Your email address will not be published. Required fields are marked *