‘ക്ലീൻ ഡെസ്റ്റിനേഷൻ’: തൊഴിലാളികളുടെ ദിവസവേതനത്തിൽ വർദ്ധനവ്

തിരുവനന്തപുരം: സംസ്ഥാന വിനോദസഞ്ചാര മേഖലയിലെ ‘ക്ലീൻ ഡെസ്റ്റിനേഷൻ’ തൊഴിലാളികളുടെ വേതനം 500 രൂപയാക്കി വർദ്ധിപ്പിക്കാൻ സർക്കാർ തീരുമാനം. ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയ‌്ക്ക് കീഴിൽ ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന ഏകദേശം 645 തൊഴിലാളികൾക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. കുടുംബശ്രീ മുഖേന നിയോഗിക്കുന്ന വോളണ്ടിയർമാരാണ് പദ്ധതിയുടെ ഭാഗമായി ദിവസവേതനാടിസ്ഥാനത്തിൽ ജോലി ചെയ്യുന്നത്.

വിനോദസഞ്ചാര കേന്ദ്രങ്ങളുടെ ശുചിത്വ പരിപാലനം ഉറപ്പ് വരുത്തുന്നതിനായി ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിൽ നടപ്പിലാക്കുന്ന പദ്ധതിയാണ് ക്ലീൻ ഡെസ്റ്റിനേഷൻ. പദ്ധതി തുടങ്ങിയ സമയത്ത് 350 രൂപയായിരുന്ന ദിവസവേതനം സർക്കാർ നേരത്തെ 450 രൂപയാക്കി വർദ്ധിപ്പിച്ചിരുന്നു. ഇപ്പോൾ ഇത് 500 രൂപയാക്കിയാണ് വർദ്ധിപ്പിച്ചിരിക്കുന്നത്.ശുചിത്വത്തിൽ കേരളത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ആഗോള പ്രശംസ നേടിയിട്ടുണ്ടെന്ന് ടൂറിസം മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു.

വിനോദ സഞ്ചാരകേന്ദ്രങ്ങൾ വൃത്തിയായും ആകർഷകമായും സൂക്ഷിക്കുന്നതിൽ ക്ലീൻ ഡെസ്റ്റിനേഷൻ തൊഴിലാളികളുടെ സേവനം വിലമതിക്കാനാവാത്തതാണ്. ക്ലീൻ ഡെസ്‌റ്റിനേഷൻ തൊഴിലാളികൾ വേതന വർദ്ധനവിന് അർഹരാണ്. കേരളടൂറിസത്തിന്റെ പ്രാദേശിക സമൂഹ-വനിതാ ശാക്തീകരണ നയവുമായി യോജിച്ചു പോകുന്ന ക്ലീൻ ഡെസ്റ്റിനേഷൻ പദ്ധതിയിലെ തൊഴിലാളികൾ വനിതകളാണെന്നത് ശ്രദ്ധേയമാണെന്നും മന്ത്രി കൂട്ടിച്ചേർത്തു.