മുഖ്യമന്ത്രിയുടെ ക്ലിഫ് ഹൗസില്‍ പശുത്തൊഴുത്ത്, ചുറ്റുമതില്‍ ബലപ്പെടുത്തല്‍; 42.90 ലക്ഷം രൂപ അനുവദിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ ചുറ്റുമതിൽ പുനർനിർമിക്കുന്നതിനും പുതിയ കാലിത്തൊഴുത്തു പണിയുന്നതിനും 42.90 ലക്ഷം രൂപ അനുവദിച്ചു. തുകയ്ക്ക് ഭരണാനുമതി നല്കി പൊതുമരാമത്ത് വകുപ്പ് പൊതുമരാമത്ത് സെക്രട്ടറി അജിത്ത് കുമാറാണ് ഉത്തരവിറക്കിയത്.
തുകയ്ക്ക് ഭരണാനുമതിയായതോടെ ഉടന്‍ നിര്‍മാണ പ്രവര്‍ത്തനം തുടങ്ങും. നേരത്തെ നല്കിയ ശുപാര്‍ശ പ്രകാരമാണ് കാലിത്തൊഴുത്ത് നിര്‍മിക്കാനുള്ള ഭരണാനുമതിയിറങ്ങിയത്.പൊതുമരാമത്ത് വകുപ്പിനാണ് നിർമാണചുമതല. ചുറ്റുമതിൽ പുനർനിർമിക്കാനും തൊഴുത്ത് നിർമാണത്തിനുമായി പൊതുമരാമത്ത് വകുപ്പ് കഴിഞ്ഞ മേയ് ഏഴിന് കത്ത് നൽകിയിരുന്നു. ഇതിനായി വിശദമായ എസ്റ്റിമേറ്റും ചീഫ് എൻജിനീയർ തയ്യാറാക്കിയിരുന്നു. ഇത് പരിഗണിച്ച് ജൂൺ 22 നാണ് സർക്കാർ അംഗീകാരം നൽകി ഉത്തരവിറക്കിയത്.
കെ-റെയിൽ വിരുദ്ധസമരത്തിന്റെ ഭാഗമായി ക്ലിഫ് ഹൗസ് വളപ്പിൽ യുവമോർച്ച പ്രവർത്തകർ കയറി കുറ്റിനാട്ടിയത് പോലീസിന് വലിയ നാണക്കേടായിരുന്നു. ഇതേ തുടർന്നാണ് സുരക്ഷാപാളിച്ച പുറത്തായത്. ഇതിന് ശേഷമാണ് ചുറ്റുമതിൽ ബലപ്പെടുത്തി പുനർനിർമിക്കാൻ തീരുമാനമുണ്ടായത്.