മോന്‍സന്‍ മാവുങ്കലുമായി അടുത്ത ബന്ധം; മുന്‍ ഡിജിപി ബെഹ്‌റക്കെതിരെ അന്വേഷണം

തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ ഉള്‍പ്പെട്ട പുരാവസ്തു തട്ടിപ്പ് കേസില്‍ പുതിയ സംഭവവികാസങ്ങളിലും മുന്‍ ഡിജിപി ലോകനാഥ് ബെഹ്‌റക്കെതിരെ അന്വേഷണം നടത്താതെ ക്രൈംബ്രാഞ്ച്. പുതിയ മൊഴികളുടെ അടിസ്ഥാനത്തില്‍ കെ സുധാകരനെ പ്രതി ചേര്‍ത്തപ്പോഴും പുരാവസ്തുക്കളുടെ സംരക്ഷണം എന്ന പേരില്‍ മോണ്‍സന്റെ വീട്ടില്‍ ബെഹ്‌റ പൊലീസ് കാവല്‍ അനുവദിച്ചതിലെ കള്ളകളികള്‍ ഇനിയും പുറത്തുവന്നിട്ടില്ല. പൊലീസ് സംരക്ഷണവും, പുരാവസ്തു മൂല്യവും ഉയര്‍ത്തിക്കാട്ടിയാണ് പലരില്‍ നിന്നായി 20കോടിയോളം രൂപ മോന്‍സണ്‍ തട്ടിച്ചത്.
മോന്‍സന്‍ മാവുങ്കല്‍ സാമ്പത്തിക തട്ടിപ്പ് നടത്തിയതും വിഐപി സുഹൃദ് വലയം ഉണ്ടാക്കുന്നതും തന്റെ പുരാവസ്തു ശേഖരത്തിന്റെ മറവിലാണ്. പുരാവസ്തു ശേഖരവും കോടാനുകോടികളുടെ മൂല്യവും പറഞ്ഞ് പറ്റിച്ചാണ് ബിസിനസുകാരായ അനൂപ് അഹമ്മദ്, ഷമീര്‍, യാക്കൂബ്, സലീം, സിദ്ദിക്ക് എന്നിവരില്‍ നിന്നും ബിസിനസ് ഷെയറായി പത്ത് കോടി രൂപ തട്ടിച്ചത്. ഇവരില്‍ നിന്ന് വീണ്ടും 25ലക്ഷം വാങ്ങി പറ്റിച്ച കേസില്‍ കെപിസിസി അദ്ധ്യക്ഷന്‍ കെ.സുധാകരന്‍ പുതിയ മൊഴികളുടെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ അറസ്റ്റിലായത്. എന്നാല്‍ ഇപ്പോഴും മോന്‍സനെ തട്ടിപ്പുകള്‍ക്ക് സഹായിച്ചെന്ന് പ്രതിപക്ഷമടക്കം ആരോപിക്കുന്ന മുന്‍ ഡിജിപി ലോകനാഥ് ബഹ്‌റക്കെതിരെ അന്വേഷണമില്ല.
അമൂല്യവും അപൂര്‍വവുമായ പുരാവസ്തു ശേഖരമുണ്ടെന്ന് കാട്ടിയാണ് കലൂരിലെ മോണ്‍സന്റെ വാടക വീടിന് പൊലീസ് സുരക്ഷ അനുവദിക്കാന്‍ ലോക്‌നാഥ് ബെഹ്‌റ പ്രത്യേക ഉത്തരവിറക്കിയത്. മോണ്‍സന്റെ വീട് കേന്ദ്രീകരിച്ചുള്ള തട്ടിപ്പുകള്‍ ഇന്റലിജന്‍സ് അന്വേഷിച്ചിരുന്നില്ല. പുരാവസ്തു മൂല്യം ശാസ്ത്രീയമായി പരിശോധിച്ചോ, കുറഞ്ഞപക്ഷം ഇത്രയും അപൂര്‍വമായ പുരാവസ്തുക്കള്‍ മോണ്‍സന്‍ എന്ന സാധാരണക്കാരന് സൂക്ഷിക്കാന്‍ കഴിയുമോ എന്ന സാമാന്യ ബോധം പോലും ബെഹ്‌റക്ക് ഇല്ലായിരുന്നോ എന്ന ചോദ്യങ്ങള്‍ മോണ്‍സന്‍ പിടിക്കപ്പെട്ടതു മുതല്‍ ശക്തമായി ഉയരുന്നുണ്ട്.
ബെഹ്‌റയുമായുള്ള ബന്ധത്തെ കുറിച്ച് മോന്‍സനോട് ചോദിക്കുമ്പോള്‍ സിസിടിവി പരിശോധിക്കണമെന്നാണ് മറുപടി. മോന്‍സന്റെ കേന്ദ്രങ്ങള്‍ അരിച്ചുപെറുക്കി സിസിടിവികളടക്കം പൊലീസ് പിടിച്ചെടുത്തിരിക്കുകയാണ്. ഹാര്‍ഡ് ഡിസ്‌കില്‍ എന്തൊക്കെയുണ്ടെന്ന് ഇനിയും പുറത്തുവന്നിട്ടില്ല. കൊച്ചിയില്‍ സ്വകാര്യ ചടങ്ങിന് എത്തിയപ്പോള്‍ ലോക്‌നാഥ് ബെഹ്‌റ സുഹൃത്ത് വഴി മോന്‍സന്റെ വീട്ടില്‍ ഒരുതവണ വന്നുവെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മോണ്‍സന്റെ പല ഇടപാടുകാരും ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ കലൂരിലെ വീട്ടില്‍ കണ്ടിട്ടുണ്ട്.
മോന്‍സന്‍ പ്രതിയായ ബലാത്സംഗ കേസിലെ ഇരയുടെ പേര് വെളിപ്പെടുത്തിയതില്‍ അനിത പുല്ലയില്‍ പ്രതിയായ കേസിലും അന്വേഷണം ഒന്നര വര്‍ഷത്തോളം ഇഴഞ്ഞിരുന്നു. കേസില്‍ കഴിഞ്ഞ മാസം കുറ്റപത്രം സമര്‍പ്പിച്ചെന്നാണ് ക്രൈംബ്രാഞ്ച് വ്യക്തമാക്കുന്നത്. ദുര്‍ബലമായ വകുപ്പുകളാണ് ഉന്നത പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അനിത പുല്ലയിലിനെതിരെ ക്രൈംബ്രാഞ്ച് ചുമത്തിയത്.