വലിയ എന്തോ വരുന്നുവെന്ന പ്രതീതി സൃഷ്ടിച്ചില്ലേ, എന്നിട്ടെന്തായി’, അതിവേഗ പാതയിൽ ഒളിയമ്പുമായി മുഖ്യമന്ത്രി

തിരുവനന്തപുരം: കേന്ദ്ര ബജറ്റിന്റെ പശ്ചാത്തലത്തിൽ ഇ ശ്രീധരനെതിരെ മുഖ്യമന്ത്രിയുടെ ഒളിയമ്പ്. കേരളത്തിൽ അതിവേഗ പാതയുടെ സാധ്യതകൾ കഴിഞ്ഞ ദിവസങ്ങളിൽ പങ്കുവച്ച മെട്രോമാൻ ഇ ശ്രീധരന്റെ പേരെടുത്ത് പറയാതെ മുഖ്യമന്ത്രി പിണറായി വിജയൻ വിമർശിച്ചു. അതിവേഗ പാതയുമായി ബന്ധപ്പെട്ട് വലിയ എന്തോ വരാൻ പോകുന്നു എന്ന പ്രതീതി സൃഷ്ടിച്ചവർക്ക് ഇപ്പോൾ മറുപടിയില്ലാതായെന്ന് അദ്ദേഹം പരിഹസിച്ചു. കേരളത്തോടുള്ള കേന്ദ്രത്തിന്റെ അവഗണന തുടരുകയാണെന്നും, ഇതിനെതിരെ ശബ്ദമുയർത്താൻ കോൺഗ്രസും മുസ്ലിം ലീഗും ഉൾപ്പെടുന്ന പ്രതിപക്ഷം തയ്യാറാകുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എയിംസ് (AIIMS) പോലുള്ള സംസ്ഥാനത്തിന്റെ ന്യായമായ ആവശ്യങ്ങൾക്കായി സ്ഥലം കണ്ടെത്തിയിട്ടും പ്രധാനമന്ത്രിയോടടക്കം ഇക്കാര്യം വ്യക്തമാക്കിയിട്ടും കേന്ദ്രം മുഖം തിരിക്കുകയാണെന്നും, വികസന കാര്യത്തിൽ ബി ജെ പിയും കോൺഗ്രസും ഒരേ നിലപാടാണ് സ്വീകരിക്കുന്നതെന്നും മുഖ്യമന്ത്രി വിമർശിച്ചു.
കേന്ദ്ര സർക്കാറിന്റെ നടപടികളെ വാക്കിലോ നോക്കിലോ വിമർശിക്കാൻ കേരളത്തിലെ പ്രതിപക്ഷം തയ്യാറായില്ലെന്നും പിണറായി കുറ്റപ്പെടുത്തി. കേരള സർക്കാരിനെയും കേരളത്തെയും വിമർശിക്കുന്ന നിലപാട് കോൺഗ്രസും, മുസ്ലിം ലീഗും സ്വീകരിച്ചു. ഇത് കേന്ദ്ര സർക്കാർ അവസരമായി കണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. മറ്റ് സംസ്ഥാനങ്ങളിൽ നാടിന്റെ പൊതുവായ ആവശ്യങ്ങൾക്ക് വേണ്ടി ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ചു നിൽക്കുന്നു. എന്നാൽ കേരളത്തിൽ അങ്ങനെയല്ലെന്ന പ്രതീതിയാണ് കേന്ദ്രത്തിനുണ്ടായതെന്നും മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ബജറ്റിൽ കേരളത്തെ അവഗണിച്ചതിൽ കേരളത്തിൽ നിന്നുള്ള കേന്ദ്ര മന്ത്രിമാർ മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.