പി പി ദിവ്യ അടുത്ത പി ശശിയോ ദിവ്യയോട് വിട്ടുവീഴ്ചയില്ല എന്ന് മുഖ്യമന്ത്രി

ദിവ്യയോട് വിട്ടുവീഴ്ചയില്ല എന്ന് മുഖ്യമന്ത്രി എല്‍ഡി എഫ് യോഗത്തില്‍ ഒക്ടോബര്‍ 22 നു പറഞ്ഞത് ദിവ്യയെ രക്ഷപ്പെടുത്താനുള്ള ക്യാപ്‌സ്യൂളെന്ന് വ്യക്തം സിപിഎമ്മിനെ പ്രതിരോധത്തിലാക്കി വീണ്ടും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകനും സിപിഎമ്മുകാരനുമായിരുന്ന ജി ശക്തിധരന്റെ കുറിപ്പ്.

കണ്ണൂര്‍ എഡിഎമ്മിന്റെ മരണത്തില്‍ സിപിഎം നിലാപാടും പിപി ദിവ്യയുടെ പ്രവര്‍ത്തനവും വിലയിരുത്തിയാണ് സമൂഹമാധ്യമമായ ഫേസ്ബുക്കിലൂടെ അദ്ദേഹം പ്രതികരിച്ചത്. ഒരിക്കല്‍ കമ്മ്യൂണിസത്തില്‍ അടിയുറച്ച് വിശ്വസിച്ച ആള്‍ എന്നതിനാലും മാധ്യമ പ്രവര്‍ത്തനം നടക്കുന്ന സമയം സിപിഎമ്മിന്റെ സുപ്രാധാന നീക്കങ്ങള്‍ അറിഞ്ഞ ആളുമായതിനാല്‍ ജി ശക്തിധരന്റ കുറിപ്പ് രാഷ്ട്രീയ കേരളത്തില്‍ ചര്‍ച്ചയാകുകയാണ്.

കുറിപ്പിന്റെ പൂര്‍ണ രൂപം ഇങ്ങനെ

ദിവ്യ അടുത്ത പി ശശിയോ? ഏറെ കോളിളക്കം സൃഷ്ടിച്ച, അടിയന്തിരാവസ്ഥയിലെ രാജന്‍ കേസിനു ശേഷം അത്രത്തോളമോ അതിലേറെയോ കേരളത്തെ പിടിച്ചു കുലുക്കുകയാണ് എ ഡി എം നവീന്‍ ബാബുവിന്റെ ദുരൂഹ മരണവും മരണത്തോട് കേരള ഭരണകൂടം കൈക്കൊളളുന്ന നിരുത്തരവാദ സമീപനവും. മലയാളികളുടെ ഓരോ കുടുംബവും കടുത്ത വ്യഥയിലാണ്. സ്ത്രീകള്‍ കാട്ടാളനെപ്പോലെ നിസ്സംഗനായിരിക്കുന്ന മുഖ്യമന്ത്രിയെ ശപിക്കുകയാണ്. മുഖ്യമന്ത്രി മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ് നിരാലംബരായ എ ഡി എം നവീന്‍ ബാബുവിന്റെ കുടുംബത്തോട് കാണിക്കുന്നതെന്ന് ജനങ്ങളാകെ പഴിക്കുന്നു. ഫാരീസ് അബൂബക്കറിനെ പോലെ ഏതെങ്കിലും ശത കോടീശ്വരന്റെ കുടുംബത്തില്‍ ആരെങ്കിലും മരിച്ചാല്‍ മുഖ്യമന്തി അവിടെ പറന്നെത്തും.

പക്ഷെ ഈ ഹതഭാഗ്യര്‍ മുഖ്യമന്ത്രിക്ക് ആരുമല്ല! മനുഷ്യ രൂപവും ആ കോലവുമേയുള്ളൂ,ഹൃദയത്തിന്റെ സ്ഥാനത്ത് മറ്റെന്തോ ആണ്? ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ ചില പൊടികൈ പ്രയോഗങ്ങള്‍ നടത്തുന്നതല്ലാതെ പ്രതികളെ ജയിലിലാക്കാനുള്ള ഒരു നടപടിയിലേക്കും പോകുന്നില്ല, എന്നുമാത്രമല്ല പ്രതികള്‍ക്ക് നിസ്സങ്കോചം കവചം തീര്‍ക്കുകയാണ് ഭരണകൂടം. തുടക്കത്തില്‍ തന്നെ, എ ഡി എം നവീന്‍ ബാബുവിന്റെ അപകീര്‍ത്തിപ്പെടുത്തിയത് അഴിമതിക്കെതിരായ പി പി ദിവ്യയുടെ പോരാട്ടത്തിന്റ വീരഗാഥകള്‍ മുഴക്കിയാണ്.

ആ ഇല്ലാക്കഥകളില്‍ പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറിയും ഡി വൈ എഫ് ഐ നേതാക്കളും ഒരു വാക്കുപോലും തിരുത്തുകയോ പിന്‍വലിക്കുകയോ ചെയ്തിട്ടില്ല. മുഖ്യമന്ത്രിയാകട്ടെ നഷ്ടപ്പെട്ടത് എ ഡി എം ആയിട്ടും ഒരാഴ്ചയോളം പ്രതികരിക്കാന്‍ പോലും കൂട്ടാക്കിയില്ല. വെള്ളാപ്പള്ളി നടേശന്‍ എന്ന സമുദായ നേതാവിന്റെ മകന്‍ ചെക്ക് കേസില്‍ ഗള്‍ഫില്‍ ജയിലിലായപ്പോല്‍ തല്‍ക്ഷണം കേന്ദ്ര വിദേശകാര്യമന്ത്രിയെ ഇടപെടുത്തി രക്ഷിച്ച മുഖ്യമന്ത്രിക്ക് സര്‍വീസില്‍ കളങ്കരഹിതനായി മാതൃകാപരമായി പ്രവര്‍ത്തിച്ച എ ഡി എം ന്റെ ജീവിതത്തിന് എന്തുവില?

സ്വന്തം പാര്‍ട്ടിയിലെ താടകയെ നിയമത്തിന്റെ കൈകളില്‍ എത്താതെ സംരക്ഷിച്ചു നിര്‍ത്തുന്നതില്‍ എന്താണിത്ര ആവേശം? പോലീസ് സേനയും മറ്റ് അന്വേഷണ ഏജന്‍സികളുമെല്ലാം കൈ വെള്ളയിലുണ്ടായിട്ടും പൊക്കിയെടുത്ത് ജയിലിലടക്കാന്‍ എത്ര സമയം വേണം മുഖ്യമന്ത്രിക്ക് ? എന്നിട്ട് പറയുന്ന ഗീര്‍വാണമോ? സര്‍ക്കാരും പാര്‍ട്ടിയും എല്ലാം എ ഡി എം ന്റെ കുടുംബത്തോടൊപ്പം ആണെന്നും?. എന്തൊരു വഞ്ചന ? തനി ഒറ്റുകാരന്റെ പണിയാണ് മുഖ്യമന്ത്രി ചെയ്യുന്നത്. കെ. കെ നവീന്‍ ബാബു ജീവനൊടുക്കിയത് ഒക്ടോബര്‍ 15 ന് ആയിരുന്നല്ലോ? തലശ്ശേയിലെ ജില്ലാസെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്കിയത് ഒക്ടോബര്‍ 18 നും. അന്ന് മുതല്‍ ദിവ്യയെ കാണാനില്ല.

ആത്മഹത്യാ പേരണാകുറ്റത്തിന് കേസ് എടുത്തതല്ലാതെ ഇതുവരെ ചോദ്യം ചെയ്തില്ല. ദിവ്യയോട് വിട്ടുവീഴ്ചയില്ല എന്ന് മുഖ്യമന്ത്രി എല്‍ഡി എഫ് യോഗത്തില്‍ ഒക്ടോബര്‍ 22 നു പറഞ്ഞത് ഒളിച്ചുകളിച്ചതായിരുന്നു എന്ന് വ്യക്തം. അതോടെ അന്വേഷണ സംവിധാനത്തെ കൂച്ചു വിലങ്ങിട്ട് നിര്‍ത്തിയെന്നതാണ് അനുഭവം. കാലടി ഗോപിയുടെ ഏഴു രാത്രികള്‍ എന്ന നാടകത്തിലെ പാഷാണം വര്‍ക്കിമാരുടെ മന്ത്രിസഭയാണോ ഇപ്പോള്‍ കേരളം ഭരിക്കുന്നത്?

Leave a Reply

Your email address will not be published. Required fields are marked *