സിഎംആർഎൽ – എക്സാലോജിക് കേസ്; പിണറായി വിജയന്റെ ഹർജി ഇന്ന് സുപ്രീം കോടതിയിൽ

സിഎംആർഎൽ – എക്സാലോജിക് കേസിൽ പിണറായി വിജയൻ നൽകിയ ഹർജി ഇന്ന് (ഒക്ടോബർ 20) സുപ്രീം കോടതി പരിഗണിക്കും. വിജിലൻസ് എഫ്ഐആർ നടപടികൾ സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് ഹർജി നൽകിയിരിക്കുന്നത്. മുഹമ്മദ് റിയാസും വീണ ടിയും നൽകിയ ഹർജികളും ജസ്റ്റിസ് ജോയ് മല്യ ബാഗ്ച്ചി, ജസ്റ്റിസ് വി. മോഹന എന്നിവരടങ്ങിയ പ്രത്യേക ബെഞ്ചാണ് പരിഗണിക്കുന്നത്.

മാസപ്പടി ഇടപാടിൽ വിജിലൻസ് കേസ് രജിസ്റ്റർ ചെയ്യാൻ ഉത്തരവിട്ട ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്കെതിരെ അപ്പീൽ നൽകാൻ അനുമതി തേടിയുള്ള ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളിയിരുന്നു. തുടർന്നാണ് കേസിൽ സുപ്രീം കോടതിയെ സമീപിച്ചത്.

എഫ്‌ഐആർ രജിസ്റ്റർ ചെയ്യുന്നതിന് മുമ്പ് പ്രതികളുടെ വാദം കേൾക്കേണ്ടതില്ലെന്നും, അതിലൂടെ നിയമപരമായ അവകാശ ലംഘനം സംഭവിക്കുന്നില്ലെന്നുമായിരുന്നു ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിരീക്ഷണം. എന്നാൽ എഡിജിപിയുടെയും ഇഡിയുടെയും കത്തുകളുടെ അടിസ്ഥാനത്തിൽ അഴിമതി നിരോധന നിയമപ്രകാരം കേസെടുക്കാൻ നിർദേശിച്ച സിംഗിൾ ബെഞ്ച് ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് ഹർജിക്കാരുടെ വാദം.

അതേസമയം, ചോദ്യം ചെയ്യലിന് ഹാജരാകാൻ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് നോട്ടീസ് നൽകിയിരുന്നെങ്കിലും സുപ്രീംകോടതി ഹര്‍ജി പരിഗണിക്കുന്നത് വരെ ഹാജരാകേണ്ടതില്ലെന്നായിരുന്നു പിണറായി വിജയന്റെ നിലപാട്. അതിനാൽ ഇന്ന് സുപ്രീം കോടതി സ്വീകരിക്കുന്ന നിലപാട് ഇഡി നടപടികളിലും കേസിന്റെ മുന്നോട്ടുള്ള പോക്കിലും അതീവ നിർണായകമാകും.