തിരുവനന്തപുരം : മുഖ്യമന്ത്രിക്കൊപ്പം തോക്കുമായി സഞ്ചരിക്കേണ്ട ഗണ്‍മാന്‍, അകമ്പടിവാഹനത്തിലൊളിപ്പിച്ച വടിയുമായി റോഡിലിറങ്ങി പ്രതിഷേധക്കാരുടെ തല തല്ലിത്തകര്‍ക്കാന്‍ തുടങ്ങിയതോടെ നവകേരള സദസ്സിനെച്ചൊല്ലിയുള്ള വിവാദം പുതിയ തലത്തിലേക്ക്. കണ്ണൂരിലും ആലപ്പുഴയിലും വാഹനത്തില്‍നിന്നിറങ്ങി കെഎസ്‌യുക്കാരെ തല്ലാന്‍ മുന്നില്‍നിന്ന ഗണ്‍മാന്‍, ഇടുക്കിയില്‍ പത്ര ഫൊട്ടോഗ്രഫറുടെ കഴുത്തിനു പിടിച്ചിരുന്നു.
മുഖ്യമന്ത്രിക്കൊപ്പം സദാസമയവും ഉണ്ടാവുകയെന്നതാണു ഗണ്‍മാന്റെ ചുമതലയെന്നിരിക്കെ, മുഖ്യമന്ത്രിയുടെ വാഹനം കടന്നുപോയിക്കഴിഞ്ഞ് എസ്‌കോര്‍ട്ട് വാഹനത്തില്‍നിന്നു റോഡിലിറങ്ങി പരാക്രമം കാണിക്കുന്നത് എല്ലാ ചട്ടവും ലംഘിച്ചാണ്.അംഗരക്ഷകരുടെ ചെയ്തികളെ മുഖ്യമന്ത്രി ന്യായീകരിച്ചതിനു പിന്നാലെ, അകമ്പടി സ്‌ക്വാഡിലെ സന്ദീപിന്റെ തിരുവനന്തപുരം പട്ടത്തെ വീട്ടിലേക്കു യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധമാര്‍ച്ച് നടത്തി.
പൊലീസുകാരെന്ന പേരില്‍ മുഖ്യമന്ത്രി കൂടെക്കൊണ്ടുനടക്കുന്ന ക്രിമിനലുകള്‍ ആക്രമണം തുടര്‍ന്നാല്‍ കോണ്‍ഗ്രസ് ‘രക്ഷാപ്രവര്‍ത്തനത്തിന്’ ഇറങ്ങുമെന്നു പ്രതിപക്ഷ നേതാവ് മുന്നറിയിപ്പു നല്‍കി. ഗണ്‍മാന്‍ അനില്‍കുമാറിന്റെയും സന്ദീപിന്റെയും വീടിനു സുരക്ഷയൊരുക്കാന്‍ സിറ്റി പൊലീസ് കമ്മിഷണര്‍ നിര്‍ദേശിച്ചു.കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ ബസിനു നേരെ കരിങ്കൊടി കാണിച്ച യൂത്ത് കോണ്‍ഗ്രസുകാരെ ഡിവൈഎഫ്‌ഐക്കാര്‍ പിടിച്ചുവച്ചു തല്ലുമ്പോള്‍ വടിയുമായി ഗണ്‍മാനുമുണ്ടായിരുന്നു.
ആലപ്പുഴ ജനറല്‍ ആശുപത്രി ജംക്ഷനില്‍ ബസിനു നേരെ കരിങ്കൊടി പ്രതിഷേധം നടത്തിയവരെ ലോക്കല്‍ പൊലീസ് നീക്കുന്നതിനിടെയാണ് ഗണ്‍മാന്‍ കാറില്‍നിന്നു വടിയുമായി പുറത്തിറങ്ങി യുവാക്കളുടെ തലയില്‍ അടിച്ചത്. മുഖ്യമന്ത്രിയുടെ ബസിനൊപ്പം സഞ്ചരിച്ച് സുരക്ഷയൊരുക്കേണ്ടയാള്‍ പിന്നിലുള്ള കാറില്‍നിന്നിറങ്ങിയാണ് അക്രമത്തിനു നേതൃത്വം നല്‍കിയത്.
സന്ദീപ് ഉള്‍പ്പെടെ എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുള്ള പൊലീസുകാരും മര്‍ദിക്കാന്‍ ഒപ്പം കൂടി.പൊലീസുകാര്‍ സാധാരണ ഉപയോഗിക്കുന്ന ലാത്തിയെക്കാള്‍ നീളമുള്ളതും കാറിലിരുന്നുതന്നെ വീശിയടിക്കാന്‍ കഴിയുന്നതുമായ ഒടിയാത്ത ദണ്ഡാണ് ഗണ്‍മാന്‍ ഉപയോഗിച്ചത്. പൊലീസ് മാന്വലിനു വിരുദ്ധമായ ആയുധങ്ങള്‍ മുഖ്യമന്ത്രിയുടെ അകമ്പടി വാഹനത്തില്‍ കൊണ്ടുനടക്കുന്നുവെന്ന ഗുരുതരമായ ചട്ടലംഘനവും ഇവിടെ സംഭവിച്ചു.