കയര്‍ വ്യവസായ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടലുണ്ടാകണ : എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍

തിരുവനന്തപുരം: കയര്‍ വ്യവസായ മേഖലയെയും തൊഴിലാളികളെയും സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു. പരമ്പരാഗത വ്യവസായങ്ങളും പൊതുമേഖലാ സ്ഥാപനങ്ങളും സംരക്ഷിക്കാന്‍ നടപടി സ്വീകരിക്കുമെന്ന, ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ പ്രകടന പത്രികയിലെ വാഗ്ദാനം നടപ്പിലാക്കണമെന്നാണ് എഐടിയുസി ആവശ്യപ്പെടുന്നതെന്നും അദ്ദേഹം പറഞ്ഞു. കേരള സ്റ്റേറ്റ് കയര്‍ തൊഴിലാളി ഫെഡറേഷന്‍(എഐടിയുസി) പ്രക്ഷോഭത്തിന്റെ ഭാഗമായി സെക്രട്ടേറിയറ്റിന് മുന്നില്‍ ആരംഭിച്ച ത്രിദിന സത്യഗ്രഹ സമരത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു കെ പി രാജേന്ദ്രന്‍.
പരമ്പരാഗത വ്യവസായങ്ങളില്‍ ഏറ്റവും പ്രധാനപ്പെട്ട ഒന്നായ കയര്‍ മേഖലയിലെ തൊഴിലാളികള്‍ക്ക് മിനിമം കൂലിയും തൊഴിലും കിട്ടാത്ത സാഹചര്യമാണുള്ളതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. കയര്‍ ഉല്പന്നങ്ങള്‍ കെട്ടിക്കിടക്കുകയാണ്. തൊഴിലാളികള്‍ ഈ മേഖലയെ ഉപേക്ഷിച്ച് പിരിഞ്ഞുപോകുന്നു. കയര്‍ മേഖലയെ സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ താല്പര്യം കാണിക്കണം. ബജറ്റില്‍ വേണ്ടത്ര തുക ഈ മേഖലയ്ക്കായി നീക്കിവച്ചിട്ടില്ലെന്നും ഇത്തരം വിഷയങ്ങള്‍ ചൂണ്ടിക്കാട്ടേണ്ടത് തൊഴിലാളി സംഘടന എന്ന നിലയില്‍ എഐടിയുസിയുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
കയര്‍ വ്യവസായം സംരക്ഷിക്കുന്നതിനുള്ള നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി, മുന്‍ വ്യവസായ മന്ത്രിയും കേരളത്തിലെ തൊഴിലാളികളുടെ ഏറ്റവും പ്രധാന നേതാവുമായ ടി വി തോമസ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ട് കാലാനുസൃതമായി പരിഷ്കരിച്ച് നടപ്പിലാക്കണമെന്നും തൊഴിലാളികളുടെ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രിയും ബന്ധപ്പെട്ട വകുപ്പ് മന്ത്രിയും സമയം കണ്ടെത്തണമെന്നും കെ പി രാജേന്ദ്രന്‍ ആവശ്യപ്പെട്ടു.
എഐടിയുസി ജില്ലാ സെക്രട്ടറി മീനാങ്കല്‍ കുമാര്‍ അധ്യക്ഷനായി. ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് മനോജ് ബി ഇടമന സ്വാഗതം പറഞ്ഞു. ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി പി വി സത്യനേശൻ, എഐടിയുസി ജില്ലാ പ്രസിഡന്റ് സോളമൻ വെട്ടുകാട്, ഫെഡറേഷൻ വർക്കിങ് പ്രസിഡന്റ് എ അബ്ബാസ്, എൻ എസ് ശിവപ്രസാദ്, പി രാജമ്മ, വി രാജീവ്, പാപ്പനംകോട് അജയൻ, ടി എസ് ബിനുകുമാർ, അഫ്സൽ കണിയാപുരം എന്നിവർ സംസാരിച്ചു. കെ ഉമയാക്ഷൻ, വി എൻ ഉണ്ണികൃഷ്ണൻ, എം ഡി സുധാകരൻ, എം കെ സീമോൻ, ബി നസിർ, പി സി സോമിനി, കെ പി പുഷ്കരൻ, കെ എൽ ബെന്നി, ബി ആർ പ്രകാശ് തുടങ്ങിയവരുടെ നേതൃത്വത്തില്‍ തെരഞ്ഞെടുക്കപ്പെട്ട വോളണ്ടിയര്‍മാരാണ് 15 വരെ സെക്രട്ടേറിയറ്റിന് മുന്നില്‍ സത്യഗ്രഹ സമരത്തില്‍ പങ്കെടുക്കുന്നത്