സ്കൂളുകളിൽ കളർ ഡ്രസും ആർത്തവ അവധിയും; വിദ്യാർത്ഥി സൗഹൃദ നിർദേശങ്ങൾക്ക് പിന്തുണയുമായി മന്ത്രി

തിരുവനന്തപുരം: വിദ്യാലയങ്ങളിൽ ആഴ്ചയിൽ ഒരു ദിവസം യൂണിഫോമിന് പകരം കളർ ഡ്രസ്സ് അനുവദിക്കുക എന്ന ആശയം ആകർഷകമാണെന്നും അത് നടപ്പിലാക്കാൻ ശ്രമിക്കുമെന്നും വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ വ്യക്തമാക്കി. പുതിയ അധ്യയന വർഷത്തിൽ സ്കൂളുകൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ക്ലാസ്സ് മുറികളിലെ ബാക്ക്ബെഞ്ച് രീതി ഒഴിവാക്കുമെന്നും സ്കൂളുകളിൽ വിദ്യാർത്ഥിനികൾക്ക് ആർത്തവ അവധി നൽകുന്നത് പോസിറ്റീവായി കാണണമെന്നും മന്ത്രി പറഞ്ഞു. ആർത്തവത്തെ ഭ്രഷ്ട് കൽപ്പിച്ചിരുന്നതൊക്കെ പഴയ കാലമാണ്. ആ നാളുകളിൽ കടുത്ത ശാരീരിക ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന നിരവധി കുട്ടികളുണ്ട്. അവർക്ക് ഇളവ് നൽകുക എന്നത് മാത്രമാണ് സർക്കാർ ലക്ഷ്യം വെയ്ക്കുന്നത്. ആരെയും മാറ്റിനിർത്താൻ വേണ്ടിയല്ല ഈ തീരുമാനമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

രണ്ട് മാസത്തെ വേനലവധിക്ക് ശേഷം സംസ്ഥാനത്തെ സ്കൂളുകൾ ഇന്ന് തുറക്കുകയാണ്. ഇത്തവണ മൂന്ന് ലക്ഷത്തോളം കുരുന്നുകളാണ് ആദ്യമായി അക്ഷരമുറ്റത്തേക്ക് പ്രവേശിക്കുന്നത്. കുട്ടികൾക്ക് സമാധാനപരമായ സ്കൂൾ ദിനങ്ങൾ നേർന്ന മന്ത്രി പാഠപുസ്തക വിതരണമടക്കം എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും, സ്കൂൾ അവധി പ്രഖ്യാപനങ്ങളിൽ കൃത്യമായ മാനദണ്ഡം കൊണ്ടുവരുമെന്നും അറിയിച്ചു. ഇക്കുറി വലിയ ആർഭാടങ്ങൾ ഒഴിവാക്കിയാണ് പ്രവേശനോത്സവം സംഘടിപ്പിക്കുന്നത്. സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം പട്ടം ഗവൺമെന്റ് മോഡൽ ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവ്വഹിക്കും.