പേരാമ്പ്രയിലെ വർഗീയ പ്രചാരണം; ജനവിരുദ്ധ സർക്കാരിനെ തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്ന് വിഡി സതീശൻ

തിരുവനന്തപുരം: ലോക്സഭ തിരഞ്ഞെടുപ്പിൽ ഉത്തരവാദിത്തപ്പെട്ട സിപിഎം നേതാക്കളുടെ അറിവോടെ നിർമ്മിക്കുകയും പ്രചരിപ്പിക്കുകയും ചെയ്ത വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് സമാനമായ രീതിയിലാണ് പേരാമ്പ്രയിലെ യുഡിഎഫ് സ്ഥാനാർത്ഥി ഫാത്തിമ തഹ്ലിയക്കെതിരെ എൽഡിഎഫ് വർഗീയ അനൗൺസ്മെന്റ് നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. സമൂഹത്തിൽ വർഗീയത കലർത്താൻ ശ്രമിച്ചവർക്കെതിരെ അടിയന്തരമായി കർശന നടപടി സ്വീകരിക്കാൻ തിരഞ്ഞെടുപ്പ് കമ്മിഷൻ തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
കാഫിർ സ്ക്രീൻ ഷോട്ട് പ്രചരിപ്പിച്ച സിപിഎം ഡിവൈഎഫ്ഐ നേതാക്കൾക്കെതിരെ വ്യക്തമായ തെളിവുകൾ ഉണ്ടായിട്ടും പ്രതികളെ കണ്ടെത്താനായില്ലെന്നു പറഞ്ഞ് പിണറായി വിജയന്റെ പൊലീസ് കേസ് അവസാനിപ്പിച്ചു. തോൽവി ഉറപ്പായതോടെ അധികാരം നിലനിർത്താൻ ഏത് ചെകുത്താനെയും കൂട്ടുപിടിക്കുകയെന്ന പിണറായി വിജയന്റെയും സിപിഎമ്മിന്റെയും തീരുമാനത്തിന്റെ ഭാഗമാണ് പേരാമ്പ്രയിലെ വർഗീയ പ്രചരണം.
മതസ്പർധ വളർത്തിയും വർഗീയ ധ്രുവീകരണമുണ്ടാക്കിയും പിണറായി വിജയൻ സർക്കാരിന്റെ ഇരുണ്ട കാലത്തിന് എതിരായ ജനവികാരത്തിൽ നിന്നും രക്ഷപ്പെടാമെന്നത് സിപിഎം നേതൃത്വത്തിന്റെ വ്യാമോഹം മാത്രമാണ്. ജനവിരുദ്ധ സർക്കാരിനെ ഭരണത്തിൽ നിന്നും തൂത്തെറിയാൻ കേരളം ഒന്നടങ്കം കാത്തിരിക്കുകയാണെന്നത് സിപിഎമ്മും എൽഡിഎഫും മറക്കരുതെന്നും അദ്ദേഹം വ്യക്തമാക്കി.