സ്‌കൂള്‍ കുട്ടികള്‍ തമ്മില്‍ സംഘര്‍ഷം; തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിക്ക് കുത്തേറ്റു

തിരുവനന്തപുരം: സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുള്ള സംഘര്‍ഷത്തില്‍ ഒരാള്‍ക്ക് കുത്തേറ്റു. തിരുവനന്തപുരം പൂവച്ചല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അസ്ലം എന്ന പ്ലസ് ടു വിദ്യാര്‍ത്ഥിക്കാണ് കുത്തേറ്റത്. സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അസ്ലമിന്റെ നില ഗുരുതരമാണെന്നാണ് വിവരം. കുത്തേറ്റതിനെ തുടര്‍ന്ന് കത്തി ഇയാളുടെ ശ്വാസകോശം തുളച്ച് അകത്തേക്ക് കയറുകയായിരുന്നു.

ഇതേ സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികളായ നാലുപേര്‍ ചേര്‍ന്നാണ് അസ്ലമിനെ അക്രമിച്ചത്. പൂവച്ചല്‍ ബാങ്ക് നട ജംഗ്ഷനില്‍വെച്ച് ഉച്ചയ്ക്കാണ് സംഭവം ഉണ്ടായത്. പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി. ഒരു മാസം മുമ്പ് സ്‌കൂളില്‍ നടന്ന ഒരു അടിപിടിയുടെ ബാക്കിയാണ് ഇന്നത്തെ സംഘര്‍ഷത്തിനും കത്തിക്കുത്തിനും കാരണമെന്നാണ് പൊലീസ് പറയുന്നത്. അന്ന് നടന്ന സംഘര്‍ഷത്തില്‍ സ്‌കൂളിലെ പ്രിന്‍സിപ്പാളിനും പിടിഎ പ്രസിഡന്റിനും പരിക്കേറ്റിരുന്നു.

ഒരു മാസം മുമ്പ് വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം കണ്ട് തടയാന്‍ എത്തിയ പ്രിന്‍സിപ്പാള്‍ പ്രിയക്ക് പരിക്കേറ്റിരുന്നു. കസേര ഉപയോഗിച്ചാണ് അന്ന് വിദ്യാര്‍ത്ഥികള്‍ പ്രധാന അദ്ധ്യാപികയെ ആക്രമിച്ചത്. ഈ സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ അദ്ധ്യാപികയെ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു. തുടര്‍ന്ന് 20 വിദ്യാര്‍ത്ഥികള്‍ക്കെതിരെ തിരുവനന്തപുരം കാട്ടാക്കട പൊലീസ് കേസെടുക്കുകയും ചെയ്തു. 18 വിദ്യാര്‍ത്ഥികളെ സംഭവത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളില്‍ നിന്ന് പുറത്താക്കി നടപടി സ്വീകരിച്ചിരുന്നുവെന്ന് അധികൃതർ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *