കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ വയനാട്ടില്‍ ഉയരും; വിഡി സതീശന്‍

വയനാട് പുനരധിവാസ പദ്ധതിയുടെ ഭാഗമായി കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ക്ക് ഫെബ്രുവരി 26ന് കല്ലിടല്‍ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ അറിയിച്ചു. സര്‍ക്കാര്‍ ഭൂമി ഏറ്റെടുക്കാന്‍ ഒരു വര്‍ഷം എടുത്തപ്പോള്‍ കോണ്‍ഗ്രസ് നാല് മാസത്തിനുള്ളില്‍ സ്ഥലമേറ്റെടുത്തുവെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടില്‍ കോണ്‍ഗ്രസ് പ്രഖ്യാപിച്ച വീടുകള്‍ ഉയരും എന്നും പദ്ധതിയെക്കുറിച്ച് തെറ്റായ പ്രചാരണം നടക്കുന്നുവെന്നും സതീശന്‍ ആരോപിച്ചു.

വയനാട് പുനരധിവാസത്തിനായി പ്രത്യേക ഭൂമി നല്‍കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കിയെങ്കിലും പിന്നീട് അത് നടപ്പായില്ല. ഇതോടെ കോണ്‍ഗ്രസ് സ്വതന്ത്രമായി ഭൂമി വാങ്ങുകയായിരുന്നു. യൂത്ത് കോണ്‍ഗ്രസ് സമാഹരിച്ച ധനം കെപിസിസിക്ക് കൈമാറിയതായും അദ്ദേഹം വ്യക്തമാക്കി. കോണ്‍ഗ്രസ് നല്‍കുന്ന സ്ഥലം ആനകള്‍ കടന്നുപോകുന്ന പ്രദേശമാണെന്ന തരത്തില്‍ സിപിഐഎം സൈബര്‍ സംഘം പ്രചാരണം നടത്തിയെന്നും അദ്ദേഹം ആരോപിച്ചു. മാധ്യമപ്രവര്‍ത്തകരെ സ്ഥലത്തെത്തിച്ച് ഭൂമിയുടെ സ്ഥിതി വ്യക്തമാക്കിയതായും, മെയിന്‍ റോഡില്‍ നിന്ന് വെറും 250 മീറ്റര്‍ മാത്രം അകലെയാണ് വീടുകള്‍ നിര്‍മിക്കാനുദ്ദേശിക്കുന്നതെന്നും സതീശന്‍ പറഞ്ഞു. സമീപത്ത് ആശ്രമവും വീടുകളും റിസോര്‍ട്ടുകളും ഉള്ള വികസിത പ്രദേശമാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം, സംസ്ഥാനത്തെ ആരോഗ്യ മേഖല തകര്‍ച്ചയിലാണെന്ന് വി ഡി സതീശന്‍ വിമര്‍ശിച്ചു. പൊതുആരോഗ്യ സംവിധാനം സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്നും യുഡിഎഫ് അധികാരത്തിലെത്തുമ്പോള്‍ ആരോഗ്യ മേഖലയിലാകെ സമഗ്ര മാറ്റം കൊണ്ടുവരുമെന്നും അദ്ദേഹം വ്യക്തമാക്കി. മന്ത്രിമാരുടെ വീടുകളില്‍ റീത്ത് വെച്ച് പ്രതിഷേധിക്കുന്ന രീതിയെ താന്‍ അനുകൂലിക്കുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വന്തം ഔദ്യോഗിക വസതിയിലേക്കും പറവൂരിലെ വീട്ടിലേക്കും ഡി വൈ എഫ് ഐ പ്രവര്‍ത്തകര്‍ പ്രതിഷേധവുമായി എത്തിയിരുന്നുവെങ്കിലും കേസെടുത്തത് തന്നെ കാണാന്‍ വന്നവര്‍ക്കെതിരെയാണെന്ന് സതീശന്‍ ആരോപിച്ചു.