‘കോൺഗ്രസ്സിന് വേട്ടനായയുടെ സ്വഭാവം’: വഖഫ് ബില്ലിൻ്റെ കാര്യത്തിൽ പാർട്ടിക്ക് രണ്ട് മനസ്സെന്ന് ഡോ. ടി എം തോമസ് ഐസക്

വഖഫ് ബില്ലിൻ്റെ കാര്യത്തിൽ കോൺഗ്രസ്സിന് രണ്ട് മനസ്സെന്ന് ഡോ. ടി എം തോമസ് ഐസക്. കോൺഗ്രസ്സിന് വടക്കേ ഇന്ത്യയിൽ മൃദുഹിന്ദുത്വവും ദക്ഷിണേന്ത്യയിൽ മതേതരത്വവുമാണെന്നും അദ്ദേഹം വിമർശിച്ചു. കോൺഗ്രസ്സിന് വേട്ടനായയുടെ സ്വഭാവമാണെന്നും ഇരയ്ക്കൊപ്പം ഓടുകയും വേട്ടക്കാരനൊപ്പം നിൽക്കുകയും ചെയ്യുകയാണ് കോൺഗ്രസെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അമേരിക്ക ഏക പക്ഷീയമായി തീരുവ തീരുമാനിക്കുകയാണെന്നും ട്രംപിൻ്റെ പകരച്ചുങ്കത്തിൽ അദ്ദേഹം പ്രതികരിച്ചു. യുഎസ് ഇറക്കുമതി തീരുവ ഇന്ത്യക്ക് നഷ്ടമാണെന്നും അമേരിക്ക വെല്ലുവിളിക്കുകയാണെന്നും ഇതിലൂടെ അമേരിക്കയുടെ സാമ്രാജ്യത്വ സ്വഭാവം പുറത്തു വരുന്നുവെന്നും അദ്ദേഹം പറഞ്ഞു.മോഡി-ട്രംപ് സൗഹൃദത്തിൽ കാര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം വഖഫ് ഭേദഗതി ബിൽ ലോക്സഭയിൽ പാസായി. ന്യൂനപക്ഷ ക്ഷേമ മന്ത്രി കിരൺ റി ജിജു ലോക്സഭയിൽ വച്ച ബില്ലിന്മേൽ 12 മണിക്കൂർ നീണ്ട ചർച്ചകൾക്ക് ശേഷമാണ് പാസാക്കിയത്. ബില്ലിനെ 288 പേർ അനുകൂലിച്ച് വോട്ട് ചെയ്തപ്പോൾ 232 പേർ എതിർത്ത് വോട്ട് ചെയ്തു.

പ്രതിപക്ഷ അംഗങ്ങൾ കൊണ്ടുവന്ന എല്ലാ ഭേദഗതികളും നിർദ്ദേശങ്ങളും ശബ്ദ വോട്ടെടുപ്പിലൂടെയും ഇലക്ട്രോണിക് വോട്ടെടുപ്പിലൂടെയും തള്ളി. മുസ്ലിം വിഭാഗത്തിൻ്റെ ഉന്നമനത്തിന് വേണ്ടിയാണ് ബിൽ കൊണ്ടുവന്നതെന്ന അവകാശവാദം ആണ് ഭരണപക്ഷം ഉന്നയിച്ചത്.

ബില്ലിനെ ശക്തമായി എതിർത്ത പ്രതിപക്ഷം ബിൽ ഭരണ ഘടനാ വിരുദ്ധമാണെന്ന് വിമർശിച്ചു. ചർച്ചകൾക്കിടെ ഭരണ- പ്രതിപക്ഷ വാക്പോര് പലതവണയുണ്ടായി. അസദുദീൻ ഉവൈസി ബില്ലിൻ്റെ പകർപ്പ് കീറുന്നതടക്കം പ്രതിഷേധങ്ങളും ചർച്ചയ്ക്കിടെയുണ്ടായി. പ്രതിപക്ഷം കൊണ്ടുവന്ന ഓരോ ഭേദഗതിയും പ്രത്യേകം പ്രത്യേകം വോട്ടിനിട്ട ശേഷമാണ് തള്ളിയത്. പുലർച്ചെ 2 മണി വരെ നടപടിക്രമങ്ങൾ നീണ്ടു. ലോക്സഭ പാസാക്കിയതോടെ വഖഫ് ഭേദഗതി ബിൽ ഇന്ന് രാജ്യസഭയുടെ മേശപ്പുറത്ത് വയ്ക്കും.  

Leave a Reply

Your email address will not be published. Required fields are marked *