കോണ്‍ഗ്രസ് രാഷ്ട്രീയത്തിന്റെ വക്കത്തല്ല, താന്‍പൊരിമകൊണ്ടും തന്റേടംകൊണ്ടും ഒത്തനടുക്കുനിന്നു വക്കം

മുഖ്യമന്ത്രി സ്ഥാനത്തിനുള്ള ആഗ്രഹം തുറന്നുപറഞ്ഞു. അതിന് അര്‍ഹതയില്ലെന്ന് ആര്‍ക്കും തോന്നിയതുമില്ല. വീട്ടിലെ 10 മക്കളില്‍ മൂത്തവനായിരുന്നു വക്കം. കാരണവര്‍ വേഷം തന്നെ രാഷ്ട്രീയത്തിലും എടുത്തണിഞ്ഞു. സ്പീക്കറായിരിക്കെ നിയമസഭാംഗങ്ങളും മന്ത്രിയായിരിക്കെ ഉദ്യോഗസ്ഥരും കാരണവരുടെ കാര്‍ക്കശ്യത്തിന്റെ ചൂടറിഞ്ഞു.
മുന്‍ മുഖ്യമന്ത്രി ആര്‍.ശങ്കറിന്റെ ആരാധകനായിരുന്നു അച്ഛന്‍ ഭാനുപ്പണിക്കര്‍. 1968 ല്‍ ആറ്റിങ്ങലില്‍ ഉപതിരഞ്ഞെടുപ്പു വന്നപ്പോള്‍ മകനെ മത്സരിപ്പിക്കാമോ എന്ന ശങ്കറിന്റെ ചോദ്യം അച്ഛനോടായിരുന്നു. തോറ്റെങ്കിലും ഇനി രാഷ്ട്രീയം തന്നെ മതിയെന്നു തീരുമാനിച്ച വക്കം വക്കീല്‍വേഷം അഴിച്ചുവച്ചു.
വക്കത്തിലെ നിയമജ്ഞനെ പിന്നീട് മന്ത്രിയായ കാലത്തു കേരളം കണ്ടു. അച്യുതമേനോന്റെ മന്ത്രിസഭയില്‍ കൃഷി, തൊഴില്‍, നിയമ മന്ത്രിയായിരിക്കെ കര്‍ഷകത്തൊഴിലാളികള്‍ക്കും ചുമട്ടുതൊഴിലാളികള്‍ക്കുംവേണ്ടി നിയമങ്ങളുണ്ടാക്കി. ആഴത്തിലുള്ള നിയമപരിജ്ഞാനം ഫയലുകളില്‍ തീരുമാനമെടുക്കുന്നതില്‍ കണിശത നല്‍കി. ഒരു പതിറ്റാണ്ടിലേറെ അഭിഭാഷകനായിരുന്നെങ്കിലും മന്ത്രിയും സ്പീക്കറുമായിരിക്കെ കോടതിയുമായി പലവട്ടം ഉരസിയിട്ടുമുണ്ട്.
ഉമേഷ് ചള്ളിയില്‍ ശ്രീനാരായണ ഗുരുവിന്റെ പേരില്‍ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്ത കേസില്‍ ഹൈക്കോടതിയുടെ സമന്‍സ് കൈപ്പറ്റാനോ, കോടതി ആവശ്യപ്പെട്ട രേഖ നല്‍കാനോ സ്പീക്കര്‍ വക്കം തയാറായില്ല. കോടതിരേഖ സ്പീക്കര്‍ കൈപ്പറ്റേണ്ടതില്ലെന്നായിരുന്നു നിലപാട്. പിന്നീട് വഴങ്ങേണ്ടിവന്നതു വേറെ കാര്യം. എഐസിസി ജനറല്‍ സെക്രട്ടറിയായിരുന്ന അഹമ്മദ് പട്ടേലിന്റെ പേരില്‍ വ്യാജ ഫാക്‌സ് സന്ദേശം നിര്‍മിച്ചെന്ന കേസിലും വക്കവും കോടതിയും തമ്മിലുടക്കി. രേഖകള്‍ ഹാജരാക്കണമെന്ന തിരുവനന്തപുരം മജിസ്‌ട്രേട്ട് കോടതിയുടെ നിര്‍ദേശം വക്കം അനുസരിച്ചില്ല.
പിന്നീട് ഈ സമന്‍സ് സാങ്കേതിക കാരണങ്ങളാല്‍ റദ്ദാകുകയായിരുന്നു. സ്പീക്കറായിരിക്കുമ്പോഴും പാര്‍ട്ടി സമ്മേളനങ്ങളില്‍ പങ്കെടുക്കുമായിരുന്നു വക്കം. നിയമസഭ കൂടുമ്പോള്‍ മാത്രം സ്പീക്കര്‍ നിഷ്പക്ഷനായാല്‍ മതിയെന്നായിരുന്നു പ്രതിപക്ഷ വിമര്‍ശനത്തിനു മറുപടി. സ്പീക്കര്‍ക്കെതിരെ പ്രതിപക്ഷം അവിശ്വാസ പ്രമേയം കൊണ്ടുവന്നെങ്കിലും പാസായില്ല. ഏറ്റവുമധികം കാലം സ്പീക്കര്‍ സ്ഥാനം (2104 ദിവസം) വഹിച്ചതിന്റെ റെക്കോര്‍ഡ് ഉണ്ടെങ്കിലും 2 തവണയും സ്ഥാനം രാജിവച്ചയാളാണു വക്കം. 1984 ല്‍ ആലപ്പുഴയില്‍നിന്നു ലോക്‌സഭാംഗമാകാനും 2004 ല്‍ ഉമ്മന്‍ ചാണ്ടി മന്ത്രിസഭയില്‍ അംഗമാകാനുമായിരുന്നു രാജികള്‍.
സ്പീക്കറുടെ പട്ടാളച്ചിട്ടയില്‍ പ്രതിപക്ഷത്തിനും ഭരണപക്ഷത്തെ ചിലര്‍ക്കും വിയോജിപ്പുണ്ടായിരുന്നെങ്കിലും മന്ത്രിയെന്ന നിലയില്‍ വക്കത്തിന്റെ ഭരണമികവ് ഇരു കൂട്ടരും ഒരുപോലെ അംഗീകരിച്ചു. പിശുക്കനായിരുന്ന ധനമന്ത്രി 2006 ല്‍ സ്ഥാനമൊഴിഞ്ഞതു ഖജനാവില്‍ പണം നീക്കിവച്ചാണ്. ഈ പിശുക്ക് ശുപാര്‍ശകളുടെ കാര്യത്തിലുമുണ്ടായിരുന്നു. ആരോഗ്യമന്ത്രിയായിരിക്കേ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ അച്ഛനെ പ്രവേശിപ്പിച്ചു.
മുന്‍ഗണന വച്ചേ പേ വാര്‍ഡ് അനുവദിക്കൂ. മന്ത്രിയുടെ അച്ഛനു പേ വാര്‍ഡ് സംഘടിപ്പിച്ചുകൊടുക്കാന്‍ ഡോക്ടര്‍മാര്‍ ഉത്സാഹിച്ചു. വിവരമറിഞ്ഞ വക്കം കല്‍പിച്ചു ‘പ്രയോറിറ്റി വരുമ്പോള്‍ കൊടുത്താല്‍ മതി’. ഭരണമികവിനു കിട്ടിയ അഭിനന്ദനങ്ങള്‍ തന്റെ കഴിവിനുള്ള അംഗീകാരമെന്നു തന്നെയാണു വക്കം വിശ്വസിച്ചത്. 2004 ല്‍ എ.കെ.ആന്റണി മുഖ്യമന്ത്രിപദം രാജിവച്ചപ്പോള്‍, ആ പദവിക്ക് തനിക്കും ‘ക്ലെയിം’ ഉണ്ടെന്നു ഹൈക്കമാന്‍ഡിനു മുന്നില്‍ അവകാശപ്പെട്ടത് അതുകൊണ്ടാണ്.
ഐ ഗ്രൂപ്പിന്റെ പിന്തുണയുണ്ടാകുമെന്നു വക്കം കരുതി. എന്നാല്‍, മത്സരം വേണ്ടെന്നും ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയാകട്ടെയെന്നും ഹൈക്കമാന്‍ഡ് നിര്‍ദേശിച്ചു. വക്കം പിന്മാറി. ആ ഘട്ടത്തില്‍ ഹൈക്കമാന്‍ഡിന് അനഭിമതനായിരുന്ന കെ.കരുണാകരന്‍ തനിക്കു പരസ്യ പിന്തുണ പ്രഖ്യാപിച്ചതും പിന്മാറാന്‍ കാരണമായെന്നു വക്കം പിന്നീട് പറഞ്ഞിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസില്‍ മന്ത്രിയെന്ന നിലയില്‍ താമസിച്ചു അദ്ദേഹം.