സംസ്ഥാനത്തെ കേന്ദ്ര സര്‍ക്കാര്‍ അവഗണിക്കുന്നതായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ വിമര്‍ശനങ്ങളെ പരിഹസിച്ച് കോണ്‍ഗ്രസ് നേതാവ് കെ.മുരളീധരന്‍

ഒഞ്ചിയത്ത് പിണറായി ചീറ്റപ്പുലിയാണെന്നും എന്നാല്‍ പ്രധാനമന്ത്രിയ്ക്ക് മുന്നില്‍ അനുസരണയുള്ള പൂച്ചക്കുട്ടിയാണെന്നും മുരളീധരന്‍ പറഞ്ഞു. മോദിയുടെ മുന്നില്‍ വച്ചാണ് അവഗണനയെ കുറിച്ച് പറയേണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ പ്രധാനമന്ത്രിയോടെ മുഖ്യമന്ത്രി അവതരിപ്പിച്ചില്ല. അദ്ദേഹത്തിന് മുന്നില്‍ മുഖ്യമന്ത്രി നല്ലപിള്ള ചമഞ്ഞെന്നും മുരളീധരന്‍ ആരോപിച്ചു.

വിവാദമായ കേരള സ്റ്റോറി സിനിമയും കക്കുകളി നാടകവും നിരോധിക്കണമെന്ന് പറഞ്ഞ മുരളീധരന്‍ ഈ വിഷയത്തില്‍ മുഖ്യമന്ത്രി സ്വീകരിച്ചത് ഇരട്ടത്താപ്പ് നയമാണെന്ന് പരിഹസിച്ചു.സംസ്ഥാനത്ത് സിപിഎമ്മും ബിജെപിയും തമ്മില്‍ അന്തര്‍ധാര സജീവമാണെന്നും സര്‍ക്കാരിനെ സംരക്ഷിക്കുന്നത് ബിജെപിയാണെന്നും മുരളീധരന്‍ ആരോപണം ഉന്നയിച്ചു. ഇരുപാര്‍ട്ടികള്‍ക്കും ഒരേ സ്വരമാണെന്നും ബിജെപിയുടെ സൗകര്യം നോക്കി പ്രതികരിക്കുന്നവരല്ല കോണ്‍ഗ്രസെന്നും അദ്ദേഹം പറഞ്ഞു.

ആരാണ് പ്രതിപക്ഷം എന്നതിന് സിപിഎമ്മിന്റെ സര്‍ട്ടിഫിക്കറ്റ് ആവശ്യമില്ല. വി.ഡി സതീശന്‍ അംഗീകൃത പ്രതിപക്ഷ നേതാവാണ്. രമേശ് ചെന്നിത്തല ശക്തമായ ഒരു പ്രതിപക്ഷത്തിന്റെ ചുമതല ചെയ്യുന്നുവെന്നും മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍ക്ക് കെ. മുരളീധരന്‍ മറുപടി നല്‍കി.

 

Leave a Reply

Your email address will not be published. Required fields are marked *