തിരുവനന്തപുരം: പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷയെടുത്ത് പ്രതിഷേധിച്ച മറിയക്കുട്ടിക്ക് വേണ്ടി കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടന്‍ ഹൈക്കോടതില്‍ ഹാജരായേക്കും. ദേശാഭിമാനി ദിനപത്രത്തിനെതിരെയും സിപിഎം ഭീഷണിക്കെതിരെയും മറിയക്കുട്ടി നല്‍കുന്ന അപകീര്‍ത്തി കേസില്‍ കുഴല്‍നാടന്‍ ഹാജരാകുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ നല്‍കുന്ന വിവരം. കേസുമായി ബന്ധപ്പെട്ട രേഖകള്‍ കൈപ്പറ്റിയതായി മാത്യു കുഴല്‍നാടന്‍ കേസിന്റെ വിശദാംശങ്ങള്‍ പഠിച്ചു വരികയാണെന്നും ഉടന്‍ തന്നെ ഹര്‍ജി ഫയല്‍ ചെയ്യുമെന്നും മാത്യു കുഴല്‍നാടന്‍ അറിയിച്ചു. യൂത്ത് കോണ്‍ഗ്രസാണ് മറിയക്കുട്ടിക്ക് നിയമസഹായം ഒരുക്കുന്നത്.
യാചനാ സമരത്തിന് ശേഷം മറിയക്കുട്ടിയുടെ പേരില്‍ പ്രസിദ്ധീകരിച്ച വാര്‍ത്ത തെറ്റാണെന്ന വിശദീകരണവുമായി ദേശാഭിമാനി ദിനപത്രം ഇന്ന് രംഗത്തെത്തിയിരുന്നു. മറിയക്കുട്ടിക്ക് സ്വന്തമായി രണ്ട് വീടുകളും ഒന്നരയേക്കര്‍ സ്ഥലവുമുണ്ടെന്നും മകള്‍ പ്രിന്‍സി വിദേശത്തുമാണെന്ന വാര്‍ത്ത തെറ്റാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദേശാഭിമാനി ഖേദപ്രകടനം നടത്തിയിരിക്കുന്നത്. എന്നാല്‍, ദേശാഭിമാനിയുടെ ഖേദപ്രകടനം അംഗീകരിക്കില്ലെന്നും തനിക്കുണ്ടായ മാനനഷ്ടത്തിന് പരിഹാരം കാണണമെന്നുമുള്ള നിലപാടിലാണ് 87കാരിയായ മറിയക്കുട്ടി.
”സിപിഎം പത്രത്തില്‍ വന്ന ഖേദപ്രകടനം ഞാന്‍ അംഗീകരിക്കുനില്ല. മാപ്പ് പറയേണ്ടവര്‍ നേരിട്ട് വന്ന് പറയട്ടേ. രണ്ടരയേക്കര്‍ എന്നിക്കുണ്ടെന്നാണ് പറഞ്ഞത്. അതില്‍ ഒരേക്കറെങ്കിലും എനിക്ക് കിട്ടണം. എനിക്കുണ്ടായ അപമാനത്തിന് നഷ്ടപരിഹാരം കിട്ടാതെ പിന്നോട്ടില്ല. വാര്‍ത്ത തിരുത്തിയാല്‍ പോരാ. അതില്‍ പറഞ്ഞിരിക്കുന്നത് കാണിച്ച് തരണം. സിപിഎമ്മിന്റെ പത്രക്കാരാണ് ഇതിന് പിന്നില്‍. വാര്‍ത്ത അറിയാത്തവരായി ഈ ലോകത്ത് ആരുമില്ല. എന്നോട് ചോദിച്ചിട്ട് വേണമല്ലോ ഈ പരിപാടിക്ക് പോകാന്‍. അതിന് ക്ഷമിക്കാനാവില്ല. എന്നെ അവര് കണ്ടിട്ടില്ല. അവരെ ഞാനും കണ്ടിട്ടില്ല. പിന്നെയെങ്ങനെയാണ് അവര്‍ തന്റെ വീട് കണ്ടത്. എന്റെ മക്കളെ ഇവരെങ്ങനെ കണ്ടു. പത്രത്തില്‍ കൊടുക്കുന്നതിന് മുമ്പ് എന്നെയും എന്റെ മക്കളേയും വീടും കണ്ടിട്ട് വേണ്ടേ കൊടുക്കാന്‍. ഈ നാടു മുഴുവന്‍ വഷളാക്കിയിട്ട് ക്ഷമ പറഞ്ഞെന്ന് പറഞ്ഞാല്‍ അത് അംഗീകരിക്കാനാവില്ല. അല്ലാതെ എന്നോട് തനിയെ ക്ഷമ പറഞ്ഞതുകൊണ്ട് ഒരു കാര്യവുമില്ല. കോടതിയില്‍ പോകാനുള്ള തീരുമാനത്തില്‍ നിന്നും പിന്നോട്ടില്ല ‘ മറിയക്കുട്ടി
ലക്ഷങ്ങളുടെ ആസ്തിയുണ്ടെന്ന വാര്‍ത്ത പാര്‍ട്ടി മുഖപത്രത്തില്‍ വന്നതിന് പിന്നാലെ സിപിഎം അനുകൂല സോഷ്യല്‍ മീഡീയ ഹാന്‍ഡിലുകളും അത് വ്യാപകമായി പ്രചരിപ്പിച്ചിരുന്നു. സിപിഎം അനുകൂലികളുടെ സൈബര്‍ ആക്രമണവും ഭീഷണിയും ശക്തമായതോടെയാണ് മറിയക്കുട്ടി ദേശാഭിമാനിക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തീരുമാനിച്ചത്. മന്നാംങ്കണ്ടം വില്ലേജ് ഓഫീസ് പരിധിയില്‍ തന്റെ പേരില്‍ സ്വത്തുക്കളില്ലെന്ന സാക്ഷ്യപത്രവും മറിയക്കുട്ടി കഴിഞ്ഞ ദിവസം പുറത്തുവിട്ടിരുന്നു. കോടതി ഇടപെട്ട് ഇത്തരം പ്രചരണങ്ങളും ഭീഷണിയും തടയണമെന്നും കൃത്യമായി പെന്‍ഷന്‍ നല്‍കാന്‍ നടപടിയുണ്ടാകണമെന്നും പെന്‍ഷന്‍ മുടങ്ങാതെ വിതരണം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ അടുത്ത ദിവസം തന്നെ കേസ് ഫയല്‍ ചെയ്യുമെന്ന് മറിയക്കുട്ടി