കോഴിക്കോട്: കോഴിക്കോട്ടെ പലസ്തീന് റാലിക്ക് വേദി നിഷേധിച്ചതില്‍ പ്രതിഷേധം കടുപ്പിക്കാന്‍ കോണ്‍ഗ്രസ്. നിരോധനം ലംഘിച്ച് കടപ്പുറത്ത് തന്നെ റാലി നടത്താന്‍ നീക്കം. നവകേരള സദസ് കുളമാക്കാനുള്ള നീക്കമെന്ന് മന്ത്രി മുഹമ്മദ് റിയാസ് വിമര്‍ശിച്ചപ്പോള്‍, കോഴിക്കോട് ബീച്ചില്‍ മറ്റൊരിടത്ത് പരിപാടി നടത്താന്‍ തടസമില്ലെന്ന് ജില്ലാ കളക്ടര്‍ അറിയിച്ചു.
കോണ്‍ഗ്രസിന്റെ പലസ്തീന് റാലിക്ക് അനുമതി നിഷേധിച്ചതിന്റെ പേരിലുളള ആരോപണങ്ങള്‍ കോണ്‍ഗ്രസിന്റെ ജാള്യത മറയ്ക്കാനാണെന്ന് മന്ത്രി പിഎ മുഹമ്മദ് റിയാസ് വിമര്‍ശിച്ചു. കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പ് മറയ്ക്കാനാണ് ശ്രമം. കോഴിക്കോട് കടപ്പുറത്ത് നവകേരള സദസിന്റെ വേദി നേരത്തെ നിശ്ചയിച്ചതാണ്. 25 ദിവസം മുന്‍പ് അവിടെ വേദി ബുക്ക് ചെയ്തിരുന്നു. ഒരു പരിപാടിക്ക് രണ്ടുദിവസം മുന്പല്ല വേദി തീരുമാനിക്കേണ്ടത്. കോണ്‍ഗ്രസിന് വേണമെങ്കില്‍ മറ്റെവിടെയെങ്കിലും പരിപാടി നടത്താമല്ലോയെന്ന് ചോദിച്ച റിയാസ്, സര്‍ക്കാര്‍ പരിപാടി കുളമാക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും കുറ്റപ്പെടുത്തി.
നവ കേരള സദസ്സ് നിശ്ചയിച്ച വേദിയില്‍ റാലി നടത്തരുതെന്നാണ് പറഞ്ഞതെന്ന് കോഴിക്കോട് കളക്ടര്‍ സ്നേഹില്‍ കുമാര്‍ സിംഗ് വ്യക്തമാക്കി. പലസ്തീന് റാലിക്ക് പറഞ്ഞ സ്ഥലത്ത് അനുമതി നിഷേധിച്ചത് നവ കേരള സദസിന്റെ മുന്നൊരുക്കങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായാണെന്ന് വിശദീകരിച്ച അദ്ദേഹം സ്റ്റേജ് ഒരുക്കാനും മറ്റും ആവശ്യമായ സ്ഥലത്ത് റാലി നടത്തരുതെന്ന് മാത്രമാണ് പറഞ്ഞതെന്നും വ്യക്തമാക്കി. കോണ്‍ഗ്രസിന് കോഴിക്കോട് ബീച്ചില്‍ മറ്റൊരിടത്ത് പലസ്തീന് റാലി നടത്താന്‍ തടസമില്ലെന്നും കളക്ടര്‍ വ്യക്തമാക്കി.