യോഗയെ ജനകീയമാക്കിയതിന് കോണ്‍ഗ്രസിന്റെ നന്ദി നെഹ്‌റുവിന്; മോദിക്കും പങ്കുണ്ടെന്ന് തരൂര്‍

യോഗയെ ജനപ്രിയമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാജ്യാന്തര യോഗാ ദിനത്തില്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന് നന്ദി പറഞ്ഞ് കോണ്‍ഗ്രസ്. നെഹ്‌റുവിനൊപ്പം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കൂടി ‘ക്രെഡിറ്റ്’ നല്‍കി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവു കൂടിയായ തിരുവനന്തപുരം എംപി ശശി തരൂര്‍.

കോണ്‍ഗ്രസ് ഔദ്യോഗിക പേജില്‍ പോസ്റ്റ് ചെയ്ത ട്വീറ്റ് റീട്വീറ്റ് ചെയ്താണ്, യോഗയെ പുനരുജ്ജീവിപ്പിക്കുന്നതില്‍ മോദിയും വിദേശകാര്യ മന്ത്രാലയവും വഹിച്ച പങ്ക് തരൂര്‍ എടുത്തുപറഞ്ഞത്. യോഗയെ ജനകീയവും ദേശീയ നയത്തിന്റെ ഭാഗവുമാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച പണ്ഡിറ്റ് നെഹ്‌റുവിന് ഈ രാജ്യാന്തര യോഗാ ദിനത്തില്‍ ഞങ്ങളുടെ നന്ദി.

നമ്മുടെ ശാരീരികവും മാനസികവുമായ പുരോഗതിയില്‍ ഈ പുരാതന കലയുടെയും തത്ത്വചിന്തയുടെയും പ്രാധാന്യം സ്മരിക്കാം. അത് നമ്മുടെ ജീവിതത്തിന്റെ ഭാഗമാക്കുകയും ചെയ്യാം’ ഇതായിരുന്നു കോണ്‍ഗ്രസിന്റെ ട്വീറ്റ്. ഇതിനോട് പ്രതികരിച്ച് ശശി തരൂരിന്റെ ട്വീറ്റ് ഇങ്ങനെ തീര്‍ച്ചയായും! യോഗയെ പുനരുജ്ജീവിപ്പിക്കുകയും ജനകീയമാക്കുകയും ചെയ്ത നമ്മുടെ സര്‍ക്കാര്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രാലയം എന്നിവരുടെ പങ്കും നാം അംഗീകരിക്കണം. ഐക്യരാഷ്ട്ര സംഘടനയുമായി സഹകരിച്ച് രാജ്യാന്തര യോഗാ ദിനത്തിലൂടെ യോഗയെ രാജ്യാന്തരവല്‍ക്കരിച്ചതില്‍ ഇവര്‍ക്കും പങ്കുണ്ട്. ലോകം അംഗീകരിക്കുന്ന നമ്മുടെ ശക്തിയുടെ പ്രധാന ഭാഗം തന്നെയാണ് യോഗയുമെന്ന് പതിറ്റാണ്ടുകളായി ഞാന്‍ വാദിക്കുന്നതാണ്. അത് അംഗീകരിക്കപ്പെടുന്നതില്‍ സന്തോഷം.തരൂര്‍ കുറിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *