ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിന് കോണ്‍ഗ്രസ്

തിരുവനന്തപുരം: ഏക സിവില്‍ കോഡിനെതിരെ പ്രചാരണത്തിനൊരുങ്ങി കോണ്‍ഗ്രസ്. ആദ്യ സംവാദം കോഴിക്കോട് സംഘടിപ്പിക്കും. അതേസമയം, ഹൈബി ഈഡന്റെ സ്വകാര്യ ബില്‍ അനവസരത്തിലായിരുന്നു എന്ന് കെപിസിസി നേതൃയോഗത്തില്‍ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശനം ഉന്നയിച്ചു. വിഷയത്തില്‍ പാര്‍ട്ടിയില്‍ മതിയായ ചര്‍ച്ചകളും കൂടിയാലോചനകളും നടക്കുന്നില്ല. തലസ്ഥാനം മാറ്റുന്ന വിഷയത്തില്‍ പാര്‍ട്ടിക്ക് കൃത്യമായ നിലപാട് വേണമെന്നും പ്രശ്നങ്ങള്‍ ഉണ്ടായ ശേഷം കൈകാലിട്ട് അടിച്ചിട്ട് കാര്യമില്ലെന്നും വര്‍ക്കിംഗ് പ്രസിഡന്റായ കൊടിക്കുന്നില്‍ സുരേഷ് വിമര്‍ശിച്ചു.
തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ആവശ്യം ഉന്നയിച്ച ഹൈബി ഈഡനെ വലിയ വിമര്‍ശമാണ് പാര്‍ട്ടിയില്‍ തന്നെ ഉയര്‍ന്നത്. പാര്‍ട്ടിയോട് ആലോചക്കാതെ നടത്തിയ നീക്കത്തിനെതിരെയായിരുന്നു വിമര്‍ശനം. സ്വകാര്യ ബില്ലില്‍ നിന്ന് പിന്മാറാന് ഹൈബിയെ ഫോണില്‍ വിളിച്ച് പ്രിതിപക്ഷ നേതാവ് തന്നെ നേരിട്ട് ആവശ്യപ്പെട്ടിരുന്നു. ഏകീകൃത സിവില്‍ കോഡ് അടക്കം പ്രശ്നങ്ങളില്‍ കേന്ദ്രവിരുദ്ധ സമീപനവുമായി കോണ്‍ഗ്രസ് മുന്നോട്ട് പോകുമ്പോള്‍ തലസ്ഥാനം കൊച്ചിക്ക് മാറ്റണമെന്ന ഹൈബി ഈഡന്റെ ആവശ്യം ബാലിശവും രാഷ്ട്രീയ ഗൗരവമില്ലാത്തതുമെന്ന പാര്‍ട്ടിയില്‍ ഒന്നടങ്കം ഉയര്‍ന്ന വിമര്‍ശനം.