സച്ചിന്‍ പൈലറ്റിനെതിരെ നടപടിയെടുക്കാതെ കോണ്‍ഗ്രസ്

രാജസ്ഥാനില്‍ സര്‍ക്കാരിനെതിരെ സച്ചിന്‍ പൈലറ്റ് നടത്തിയ ഉപവാസ സമരത്തില്‍ കോണ്‍ഗ്രസ് നേതൃത്വം ഇടപെടുന്നു. സച്ചിന്‍ പൈലറ്റ് സമരം നടത്തിയതില്‍ നടപടി ഉണ്ടാകും എന്ന് ഹൈക്കമാന്റ് അറിയിച്ചു. സച്ചിനുമായി ഇന്ന് ചര്‍ച്ച നടത്തി. നാളെയും ചര്‍ച്ച നടക്കുമെന്ന് രാജസ്ഥാന്റെ ചുമതലയുള്ള സുഖ്ജീന്ദര്‍ രണ്‍ധാവ പറഞ്ഞു. സച്ചിന്‍ ഉയര്‍ത്തിയ അഴിമതി പ്രശ്‌നം ശരിയായിരുന്നു. എന്നാല്‍ അത് അവതരിപ്പിച്ച രീതിയാണ് തെറ്റിപ്പോയത്. ആരുടെ ഭാഗത്താണ് തെറ്റ് എന്ന റിപ്പോര്‍ട്ട് നേതൃത്വത്തിന് നല്‍കുമെന്നും രണ്‍ധാവ വ്യക്തമാക്കി.

നാളെ അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെയുടെ വസതിയില്‍ വിഷയത്തില്‍ ചര്‍ച്ച നടക്കും. സച്ചിന്‍ പൈലറ്റിന് പറയാനുള്ളത് എന്താണെന്നത് നേതൃത്വം കേള്‍ക്കും. മുഖ്യമന്ത്രി സ്ഥാനത്ത് അശോക് ഗെലോട്ട് തുടരുമെന്നതാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ നിലപാട്. എന്നാല്‍ സംസ്ഥാനത്തെ പാര്‍ട്ടിയിലും മന്ത്രിസഭയിലും വൈകാതെ അഴിച്ച് പണിക്കുള്ള സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന സൂചന. ഇതിനിടെ വിലക്കയറ്റത്തെ നേരിടുകയാണ് സംസ്ഥാന സര്‍ക്കാരിന്റെ ലക്ഷ്യമെന്നും ഇതില്‍ നിന്ന് ശ്രദ്ധ മാറില്ലെന്നും മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രതികരിച്ചു. സച്ചിന്‍ പൈലറ്റ് സര്‍ക്കാരിനെതിരെ നടത്തിയ ഉപവാസ സമരത്തെ കുറിച്ചുള്ള ചോദ്യത്തോടായിരുന്നു ഗെലോട്ടിന്റെ പ്രതികരണം.

വസുന്ധര രാജെ സര്‍ക്കാരിന്റെ കാലത്തെ അഴിമതികള്‍ക്കെതിരെ സര്‍ക്കാരില്‍ നിന്ന് നടപടി ആവശ്യപ്പെട്ടാണ് ജയ്പൂരില്‍ സച്ചിന്‍ പൈലറ്റ് ഉപവാസ സമരം നടത്തിയത്. സമരം ബിജെപിക്കെതിരെയാണെങ്കിലും ഉന്നം വെച്ചത് അശോക് ഗെലോട്ടിനെയായിരുന്നു. അച്ചടക്ക ലംഘനമാകുമെന്ന കോണ്‍ഗ്രസ് മുന്നറിയിപ്പ് നല്‍കിയെങ്കിലും അത് മറികടന്നായിരുന്നു സച്ചിന്റെ ഉപവാസം. സര്‍ക്കാരിനെതിരെ നേരിട്ടുള്ള പ്രതികരണം ഒഴിവാക്കാന്‍ മൗനവ്രതം എന്ന തന്ത്രമാണ് സച്ചിന്‍ പൈലറ്റ് പയറ്റിയത്. ബിജെപിയുള്ളിടത്തെല്ലാം കമ്മീഷന്‍ സര്‍ക്കാരാണെന്ന് കുറ്റപ്പെടുത്തിയ പൈലറ്റ്, അഴിമതിക്കെതിരായ പോരാട്ടം തുടരുമെന്നും വ്യക്തമാക്കിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *