കര്‍ണാടകയില്‍ ഉപതെരഞ്ഞെടുപ്പ് നടന്ന മൂന്ന് സീറ്റിലും വിജയം നേടി കോണ്‍ഗ്രസ്. ചന്നപട്ടണയില്‍ സി.പി യോഗേശ്വര്‍, സണ്ടൂരില്‍ ഇ അന്നപൂര്‍ണ, ശിവ്ഗാവില്‍ യൂനസ് പഠാന്‍ എന്നിവരാണ് വിജയിച്ചത്. കോണ്‍ഗ്രസ് മികച്ച മുന്നേറ്റം നടത്തിയപ്പോള്‍ ബി.ജെ.പിക്കും ജെ.ഡി.എസിനും കനത്ത തിരിച്ചടിയാണ് ലഭിച്ചിരുന്നത്. പ്രതീക്ഷിച്ച വിജയമെന്നും ഗ്യാരന്റികള്‍ താഴേത്തട്ടില്‍ ഫലം കണ്ടെന്നും ഉപമുഖ്യമന്ത്രി ഡി.കെ ശിവകുമാര്‍ പ്രതികരിച്ചു.
എന്നാല്‍, ബി.ജെ.പി, ജെ.ഡി.എസ് നേതൃത്വങ്ങള്‍ മൗനത്തിലാണ്. വീണ്ടും തോറ്റതോടെ നിഖില്‍ കുമാരസ്വാമിയുടെ രാഷ്ട്രീയ ഭാവിയും അനിശ്ചിതത്വത്തിലാണ്. സുരക്ഷിതമായ സീറ്റുകളില്‍ മത്സരിച്ചിട്ട് പോലും നിന്ന മൂന്ന് തെരഞ്ഞെടുപ്പുകളിലും നിഖില്‍ തോല്‍വിയറിഞ്ഞു. കുമാരസ്വാമി വച്ചൊഴിഞ്ഞ ചന്നപട്ടണ മണ്ഡലത്തില്‍ നിന്നാണ് നിഖില്‍ ഇത്തവണ മത്സരിച്ചത്. നിഖിലിനെ എന്‍.ഡി.എ സ്ഥാനാര്‍ഥി ആക്കിയതില്‍ പ്രാദേശിക ബി.ജെ.പി നേതൃത്വത്തിന് കടുത്ത അതൃപ്തി ഉണ്ടായിരുന്നു. പ്രതിഷേധിച്ച് ബി.ജെ.പി വിട്ട് കോണ്‍ഗ്രസില്‍ ചേര്‍ന്ന സി.പി. യോഗേശ്വര്‍ ആണ് മണ്ഡലത്തില്‍ വിജയം നേടിയത്.
നാല് വട്ടം മുന്‍ മുഖ്യമന്ത്രി ബസവരാജ് ബൊമ്മയെ ജയിപ്പിച്ച ശിവ്ഗാവും ബിജെപിയെ കൈവിട്ടു. ബസവരാജ് ബൊമ്മയുടെ മകന്‍ ഭരത് ബൊമ്മയ് ആണ് പരാജയപ്പട്ടത്. ന്യൂനപക്ഷ വോട്ടര്‍മാരുടെ ശക്തമായ ഏകീകരണവും മണ്ഡലം ഉപേക്ഷിച്ച ബൊമ്മയുടെ നടപടിയും ബിജെപിക്ക് തിരിച്ചടിയായെന്നാണ് വിലയിരുത്തല്‍. സണ്ടൂരില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി ഇ അന്നപൂര്‍ണയാണ് വിജയം നേടിയത്. ബെല്ലാരി എം.പിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ മണ്ഡലം വച്ചൊഴിഞ്ഞ ഇ. തുക്കാറാമിന്റെ ഭാര്യയാണ് ഇ. അന്നപൂര്‍ണ. കര്‍ണാടക നിയമസഭയില്‍ ഇതോടെ കോണ്‍ഗ്രസിന്റെ അംഗസംഖ്യ 136ല്‍ നിന്ന് 138 ആയി ഉയര്‍ന്നു. എന്‍.ഡി.എ സഖ്യത്തിന്റെ അംഗസംഖ്യ 85ല്‍ നിന്ന് 83 ആയും കുറഞ്ഞു.