കോൺഗ്രസിന്റേത് വെറും കല്ലിടൽ നാടകം! പ്ലാനുമില്ല അപ്രൂവലുമില്ല: മന്ത്രി കെ രാജൻ

ദുരന്തബാധിതർക്കായി വീട് നിർമ്മിക്കുന്ന കാര്യത്തിൽ കോൺഗ്രസ് നടത്തുന്നത് പ്ലാനോ അപ്രൂവലോ ഇല്ലാത്ത വെറും കല്ലിടൽ നാടകമാണെന്ന് റവന്യൂ മന്ത്രി കെ രാജൻ. മാർച്ച് 27-ന് വീടുകൾക്കായി കല്ലിട്ടതല്ലാതെ അവിടെ യാതൊരു നിർമ്മാണ പ്രവർത്തനങ്ങളും നടക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി. യുഡിഎഫ് ഭരിക്കുന്ന മേപ്പാടി പഞ്ചായത്തിൽ പ്ലാൻ അപ്രൂവൽ ലഭിക്കാൻ മണിക്കൂറുകൾ മാത്രം മതി എന്നിരിക്കെയാണ് ഈ അനാസ്ഥയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ഭൂമി വാങ്ങി പത്ത് ദിവസത്തിനുള്ളിൽ നിർമ്മാണം തുടങ്ങുമെന്ന് പ്രഖ്യാപിച്ചവർ ഇപ്പോൾ പണമില്ലെന്ന് പറയുന്നത് വിചിത്രമാണ്. ജനങ്ങളിൽ നിന്ന് പണം പിരിച്ചിട്ടും പണി തുടങ്ങാത്തത് എന്താണെന്ന് കോൺഗ്രസ് പൊതുസമൂഹത്തോട് വ്യക്തമാക്കണം. നാല് മാസം മുമ്പ് പണി തുടങ്ങിയെന്ന പ്രതിപക്ഷത്തിന്റെ വാദം മന്ത്രി തള്ളി.
ഒറ്റ ഏജൻസി വഴി നിർമ്മാണം നടത്താനായിരുന്നു ആദ്യ തീരുമാനം. സർക്കാർ തന്നെ പണം നൽകി വാങ്ങിയ ഭൂമിയിലാണ് നിലവിൽ നിർമ്മാണം പുരോഗമിക്കുന്നത്. മുസ്ലിം ലീഗ് സ്വന്തമായി സ്ഥലം വാങ്ങി നിർമ്മാണം തുടങ്ങിയപ്പോൾ കോൺഗ്രസിന് അതിൽ തെറ്റിദ്ധാരണ ഉണ്ടായോ എന്ന് അറിയില്ലെന്നും മന്ത്രി പരിഹസിച്ചു. പ്രതിപക്ഷത്തിന്റെ ഇത്തരം നടപടികൾക്ക് ജനങ്ങൾ തന്നെ മറുപടി നൽകുമെന്നും മന്ത്രി കെ രാജൻ കൂട്ടിച്ചേർത്തു.