ശബരിമല യുവതി പ്രവേശനത്തില്‍ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് എ വിജയരാഘവന്‍

തൃശൂര്‍: ശബരിമല യുവതി പ്രവേശനത്തില്‍ സമവായം ഉണ്ടാക്കേണ്ടതുണ്ടെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവന്‍. ശബരിമല യുവതി പ്രവേശനത്തില്‍ വിശ്വാസികളുടെ താത്പര്യവും നിയമപരമായ താത്പര്യവും ശ്രദ്ധിക്കേണ്ടതുണ്ടെന്നും സങ്കീര്‍ണമായ വിഷയമായതുകൊണ്ട് എല്ലാവരെയും കേട്ട് ഒരു പൊതു നിലപാടില്‍ എത്തണമെന്നും എ വിജയരാഘവന്‍ പറഞ്ഞു. കോടതി ഈ വിഷയം എങ്ങനെ കൈകാര്യം ചെയ്യുന്നു എന്നതാണ് കാര്യം. വിശ്വാസികളെയും ഇടതുപക്ഷത്തെയും ഭിന്നിപ്പിച്ച് രാഷ്ട്രീയ ലാഭം ഉണ്ടാക്കാന്‍ ഒരു അഭിപ്രായം പറയില്ല. വിശ്വാസികളുടെ കാര്യം പറയുമ്പോള്‍ കാണിക്കേണ്ട അവധാനതയുണ്ട്. വിശ്വാസികളേയും ഇടതുപക്ഷത്തെയും ഭിന്നിപ്പിക്കുന്ന തരത്തിലാണ് ശബരിമല വിഷയം കേരളത്തില്‍ കൈകാര്യം ചെയ്യപ്പെട്ടത്. വലതുപക്ഷ രാഷ്ടീയത്തിന് ലാഭമുണ്ടാക്കുന്ന തരത്തില്‍ ഒരു അഭിപ്രായ രൂപീകരണം നടത്തുക എന്ന് ഉദ്ദേശം ഇപ്പോഴില്ല. യുവതി പ്രവേശന കാര്യത്തില്‍ ഒരു നിലപാട് എടുക്കുന്ന കാര്യത്തില്‍ തീരുമാനമെടുത്തിട്ടില്ലെന്നും എ വിജയരാഘവന്‍ പറഞ്ഞു.
ആഗോള അയ്യപ്പ സംഗമത്തിന്റെ ഓഡിറ്റ് റിപ്പോര്‍ട്ടിനെ വര്‍ണ്ണശബളമാക്കുകയാണ് ചില മാധ്യമങ്ങള്‍. വിഷയത്തിന് ആധാരമായ ഏതെങ്കിലും പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനല്ല ശ്രമിക്കുന്നത്. ഓഡിറ്റിന്റെ മൂലയില്‍ നിന്ന് ഒരു ഭാഗം എടുത്ത് വാര്‍ത്തയാക്കുകയാണ്. അതിന്റെ വിശദീകരണം ദേവസ്വം ബോര്‍ഡ് കൊടുത്തിട്ടുണ്ട്. സാംസ്‌കാരിക നായകരുടെ ഭരണമാറ്റ വിവാദത്തിലും എ വിജയരാഘവന്‍ പ്രതികരിച്ചു. സാംസ്‌കാരിക നായകര്‍ എന്നു പറഞ്ഞാല്‍ തന്നെ ഭിന്നാഭിപ്രായം പറയുന്നവരാണ്. അവര്‍ പല അഭിപ്രായങ്ങളും പറയും. സാംസ്‌കാരിക നായകര്‍ പറയുന്നത് എല്ലാ കാര്യത്തിലും അവസാനവാക്ക് അല്ല. അഭിപ്രായത്തില്‍ ആവശ്യമുള്ളത് മാത്രം അംഗീകരിക്കും. നിരാകരിക്കേണ്ടത് നിരാകരിക്കും.
പാര്‍ട്ടി സാംസ്‌കാരിക സ്ഥാപനങ്ങളിലേക്ക് ആളുകളെ നിയമിക്കുമ്പോള്‍ എകെജി സെന്ററില്‍ നിന്ന് പറഞ്ഞുകൊടുക്കുന്ന അഭിപ്രായം പറയണമെന്ന് പറഞ്ഞ് നിയമിച്ചിട്ടില്ല. പ്രേംകുമാര്‍ എല്ലാ കാലത്തും കേരളത്തിലെ പുരോഗമന പക്ഷത്ത് നിന്നിട്ടുള്ള ആളാണ്. പ്രേംകുമാര്‍ ഒരു വലതുപക്ഷക്കാരനായി പോയേക്കാം എന്ന് ആശങ്കപ്പെടേണ്ട സാഹചര്യമില്ല. പൂരം കലക്കല്‍ വിവാദത്തില്‍ ക്രൈംബ്രാഞ്ച് അന്വേഷണ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കത്തെക്കുറിച്ച് അറിയില്ലെന്നും പൊലീസിനെ നിര്‍ബന്ധമായും കുറ്റപ്പെടുത്തണമെന്ന് വാശിപിടിക്കേണ്ടതില്ലെന്നും പൂരത്തെ രാഷ്ട്രീയമായി ഉപയോഗപ്പെടുത്താന്‍ കഴിയുമോ എന്നൊരു ശ്രമം ഹിന്ദുത്വ ശക്തികള്‍ നടത്തിയിട്ടുണ്ടെന്നും എ വിജയരാഘവന്‍ പറഞ്ഞു.