സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചന, ഗണേഷ് നേരിട്ട് ഹാജരാകണം

സോളാര്‍ പീഡനക്കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് പത്തനാപുരം എംഎല്‍എ കെ ബി ഗണേഷ് കുമാറിന് കോടതി നോട്ടീസ്. ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് കൊട്ടാരക്കര ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് നോട്ടീസ് നല്‍കിയത്. അടുത്ത മാസം 18 ന് ഹാജരാകണമെന്നാണ് കോടതി നിര്‍ദ്ദേശം. ഗണേഷിനൊപ്പം പരാതിക്കാരിക്കും വീണ്ടും സമന്‍സ് അയച്ചിട്ടുണ്ട്. കെ.ബി.ഗണേഷ് കുമാര്‍ എം എല്‍ എയ്ക്കും പരാതിക്കാരിയ്ക്കും എതിരെയാണ് സോളാര്‍ പീഡന ഗൂഢാലോചനക്കേസ്. സോളാര്‍ കേസില്‍ ഉമ്മന്‍ ചാണ്ടിയെ കുടുക്കാന്‍ വ്യാജ രേഖ ചമച്ച് ഗൂഢാലോചന നടത്തിയെന്നാണ് കേസ്.

കൊട്ടാരക്കര കോടതിയെടുത്ത കേസില്‍ പരാതിക്കാരിയാണ് ഒന്നാം പ്രതി. രണ്ടാം പ്രതി കെ.ബി. ഗണേഷ് കുമാര്‍ എം എല്‍ എ. സമണ്‍സിന് ഹൈക്കോടതി അനുവദിച്ച സ്റ്റേ ഇന്നലെ അവസാനിച്ച സാഹചര്യത്തിലാണ് കൊട്ടാരക്കര കോടതി കേസ് വീണ്ടും പരിഗണിച്ചത്. അടുത്ത മാസം 18 ന് കെ.ബി.ഗണേഷ് കുമാര്‍ നേരിട്ട് ഹാജരാകാനാണ് നിര്‍ദ്ദേശം. പീഡനക്കേസിലെ പരാതിക്കാരിയും നേരിട്ട് ഹാജരാകണം. കോണ്‍ഗ്രസ് പ്രവര്‍ത്തകനും അഭിഭാഷകനുമായ അഡ്വ. സുധീര്‍ ജേക്കബാണ് അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്. സോളാര്‍ പരാതിക്കാരി എഴുതിയ കത്തില്‍ ഉമ്മന്‍ ചാണ്ടിയുടെ പേര് എഴുതി ചേര്‍ത്തതാണെന്ന് സിബിഐയും കണ്ടെത്തിയിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *