രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചന, അൻവർ പറഞ്ഞത്; പച്ചക്കള്ളമാണെന്ന് പി.ശശി

തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ അഴിമതി ആരോപണം ഉന്നയിക്കാൻ താൻ ആവശ്യപ്പെട്ടുവെന്ന് പി.വി.അൻവർ പറഞ്ഞത് പച്ചക്കള്ളമാണെന്ന് മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശി വ്യക്തമാക്കി. . അത്തരമൊരു സംഭവമേ ഉണ്ടായിട്ടില്ലെന്നും .അൻവറിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും പി.ശശി പ്രസ്താവനയിൽ അറിയിച്ചു.
പുതിയ രാഷ്ട്രീയ അഭയം ഉറപ്പിക്കാനുള്ള ഗൂഢാലോചനയാണ് അൻവർ വാർത്താ സമ്മേളനത്തിൽ അവതരിപ്പിച്ചത്. നിലനിൽപിന് വേണ്ടി പ്രതിപക്ഷ നേതാവിനോട് മാപ്പ് ചോദിച്ചുകൊണ്ട് തന്റെ മുൻകാല ചെയ്തികളുടെ ഉത്തരവാദിത്വം മറ്റുള്ളവരുടെ തലയിൽ കെട്ടിവെച്ച് രക്ഷപ്പെടാനാണ് ശ്രമിക്കുന്നത്. ഇതിനുമുമ്പും വ്യാജ ആരോപണങ്ങൾ ഉന്നയിച്ച് തനിക്കെതിരെ അൻവർ രംഗത്തെത്തിയിരുന്നു. വ്യാജ ആരോപണങ്ങൾക്കെതിരെ താൻ നിയമനടപടി സ്വീകരിച്ചിട്ടുണ്ട്. കേസിൽ അൻവറിനോട് നേരിട്ട് ഹാജരാവാൻ കോടതി നിർദ്ദേശിച്ചിരിക്കുകയാണ്. സാമാന്യ ജനങ്ങളുടെ അഭയകേന്ദ്രമായ മുഖ്യമന്ത്രിയുടെ ഓഫീസിനെ അപകീർത്തിപ്പെടുത്താൻ നടത്തുന്ന ഹീനമായ നീക്കങ്ങൾ ജനം തിരിച്ചറിഞ്ഞു തള്ളിക്കളയുമെന്നും ശശി പറഞ്ഞു.