ആസാദ് കശ്മീർ പരമാർശം ; കെ. ടി. ജലീലിനെതിരെ കേസെടുക്കാൻ ദില്ലി പോലീസിന് കോടതി ഉത്തരവ്

ദില്ലി: ആസാദ് കശ്മീർ പരാമർശത്തിൽ മുൻ മന്ത്രി കെ.ടി. ജലീലിനെതിരെ കേസെടുക്കാൻ ദില്ലി റോസ് അവന്യൂ കോടതി ഉത്തരവ് നൽകി. പരാതിക്കാരൻ ആവശ്യപ്പെട്ട പ്രകാരം ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കാനാണ് കോടതി നിർദ്ദേശം. സമാന പരാതിയില്‍ കേരളത്തില്‍ കേസെടുത്തിട്ടുണ്ടെന്നും കോടതി നിർദേശിച്ചാല്‍ പുതിയ കേസെടുക്കാമെന്നുമായിരുന്നു തിലക് മാർഗ് പോലീസ് കോടതിയിലെടുത്ത നിലപാട്. കേസ് പരിഗണിക്കവേ, എന്തിനാണ് ഒരേ പരാതിയില്‍ വ്യത്യസ്ത സംസ്ഥാനങ്ങളില്‍ കേസെടുക്കുന്നത് എന്ന് വ്യക്തമാക്കാന്‍ കോടതി പരാതിക്കാരനോട് നിർദേശിച്ചിരുന്നു. വിശദമായ വാദം കേട്ട ശേഷമാണ് ഉചിതമായ വകുപ്പുകൾ ചുമത്തി കേസെടുക്കണമെന്ന് റോസ് അവന്യൂ കോടതി, തിലക് മാർഗ് പോലീസിന് നിർദേശം നൽകിയത്. അതേസമയം ജലീലിനെതിരെ രാജ്യദ്രോഹക്കുറ്റം ചുമത്തിയില്ലെങ്കിൽ വീണ്ടും കോടതിയെ സമീപിക്കുമെന്ന് പരാതിക്കാരൻ പറഞ്ഞു.
ജലീലിനെതിരെ രാജ്യദ്രോഹകേസ് എടുക്കണമെന്നതാണ് പരാതിക്കാരന്‍റെ ആവശ്യം. ഈ ആവശ്യം ഉന്നയിച്ച് ദില്ലി പോലീസിൽ നൽകിയ പരാതിയിൽ നടപടിയുണ്ടകുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അഡ്വക്കേറ്റ് ജി.എസ്.മണി കോടതിയെ സമീപിച്ചത്. കേസെടുക്കാൻ ദില്ലി പോലീസിന് നിർദേശം നൽകണമെന്നതായിരുന്നു ആവശ്യം. കേരളത്തിലെ നിയമനടപടികളില്‍ വിശ്വാസമില്ലെന്നും ഹർജിയിൽ ആരോപിച്ചു. കശ്മീർ സന്ദർശിച്ച ശേഷം ജലീൽ ഇട്ട ഫേസ്ബുക്ക് പോസ്റ്റിലെ ‘ഇന്ത്യ അധീന കശ്മീർ ‘ആസാദ് കാശ്മീർ’ തുടങ്ങിയ പരാമർശങ്ങളാണ് ജലീലിന് വിനയായത്.