സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കമാകും; സെക്രട്ടറി സ്ഥാനത്തേക്ക് ശക്തമായ മത്സരം

പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുളള സിപിഐ സംസ്ഥാന സമ്മേളനത്തിന് ഇന്ന് തുടക്കം. മുന്‍ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന്‍ ഇന്ന് വൈകീട്ട് ആറിന് പുത്തരിക്കണ്ടം മൈതാനത്ത് പതാക ഉയര്‍ത്തും. ശനിയാഴ്ച 10ന് ജനറല്‍ സെക്രട്ടറി ഡി രാജ പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും.
തിങ്കളാഴ്ച സംസ്ഥാന സെക്രട്ടറിയെയും കൗണ്‍സിലിനെയും തെരഞ്ഞെടുക്കും. സംസ്ഥാന സെക്രട്ടറി സ്ഥാനത്തേക്ക് കടുത്ത മത്സരമാണ് ഇത്തവണ നടക്കുന്നത്. പ്രായപരിധി നിശ്ചയിച്ചത് നേതാക്കന്മാര്‍ക്കിടയില്‍ പരസ്യ വാക്‌പോരിനിടയാക്കിയിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ കെ ഇസ്മയിലും സി ദിവാകരനും കാനം രാജേന്ദ്രനെതിരെ രംഗത്തെത്തിയതോടെ ശക്തമായ മത്സരത്തിന് കളമൊരുങ്ങി. 75 വയസെന്ന പ്രായപരിധി മാനദണ്ഡമായാല്‍ സി ദിവാകരനും കെ ഇ ഇസ്മയിലും കമ്മിറ്റികളില്‍ നിന്ന് പുറത്ത് പോകും.
നെയ്യാറ്റിന്‍കരയില്‍ നടന്ന കൊടിമര കൈമാറ്റ ചടങ്ങില്‍ നിന്ന് കെ ഇ ഇസ്മയിലും, സി ദവാകരനും വിട്ടുനിന്നിരുന്നു. കൊടിമരം ജാഥ ക്യാപ്റ്റന് കൈമാറേണ്ടിയിരുന്നത് ഇസ്മയിലായിരുന്നു. ഇസ്മയില്‍ പിന്‍വാങ്ങിയതോടെ കൊടിമരം ഭക്ഷ്യവിഭവ വകുപ്പ് മന്ത്രി ജി ആര്‍ അനില്‍ ആണ് കൈമാറിയത്.

Leave a Reply

Your email address will not be published. Required fields are marked *