സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം : സിപിഐ സംസ്ഥാന കൗണ്‍സിലില്‍ സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ രൂക്ഷ വിമര്‍ശനം. സര്‍ക്കാരിന്റെ മുഖം വികൃതമാണെന്നും ഈ മുഖവുമായി മണ്ഡല പര്യടനത്തിനു പോയാല്‍ ഗുണം ചെയ്യില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയര്‍ന്നു.സര്‍ക്കാര്‍ ഈ രീതിയില്‍ മുന്നോട്ടു പോയാല്‍ ലോക്സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തിരിച്ചടി ഉണ്ടാകും. മുഖ്യമന്ത്രിക്കു ലാളിത്യമില്ല. 50 അകമ്പടി വാഹനങ്ങളുമായുളള യാത്ര തെറ്റാണ്. എല്ലാത്തിനും മാധ്യമങ്ങളെ വിമര്‍ശിച്ചിട്ടു കാര്യമില്ല. മകളുടെ മാസപ്പടി ആരോപണത്തിലെ വിശദീകരണം തൃപ്തികരമല്ലെന്നും വിമര്‍ശനമുണ്ടായി.
സര്‍ക്കാരിന്റെ മുഖം വികൃതമാണെന്നും തെറ്റുകള്‍ തിരുത്താതെ മുന്നോട്ടു പോയിട്ടു കാര്യമില്ലെന്നും ചില അംഗങ്ങള്‍ ചൂണ്ടിക്കാട്ടി. കേരളീയം പരിപാടിയും നിയോജക മണ്ഡലം സദസ്സും കൊണ്ടു കാര്യമില്ല. രണ്ടര വര്‍ഷം സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും വിമര്‍ശനം ഉയര്‍ന്നു. സിപിഐ മന്ത്രിമാര്‍ക്കെതിരേയും വിമര്‍ശനമുണ്ടായി. മന്ത്രിമാരുടെ ഓഫിസുകളില്‍ ഒന്നും നടക്കുന്നില്ല. ഓഫിസുകളില്‍ പലരും തിരിഞ്ഞു നോക്കുന്നില്ല. ഒക്കത്തും തോളത്തുമിരുത്തി മന്ത്രിമാരെ വഷളാക്കി. രണ്ടു മന്ത്രിമാര്‍ ഒരിക്കലും സ്ഥലത്തുണ്ടാകില്ലെന്നു റവന്യൂ, കൃഷി മന്ത്രിമാര്‍ക്കെതിരെ വിമര്‍ശനം ഉയര്‍ന്നു. മന്ത്രിമാര്‍ ഒന്നും ചെയ്യുന്നില്ലെന്നും തോന്നും പോലെ പ്രവര്‍ത്തിക്കുന്നുവെന്നും മാങ്കോട് രാധാകൃഷ്ണന് വിമര്‍ശിച്ചു.
സര്‍ക്കാരില്‍ സര്‍വത്ര അഴിമതിയെന്നും ആക്ഷേപമുയര്‍ന്നു. സര്‍ക്കാരിനെ നിയന്ത്രിക്കുന്നതു ഭൂമി- ക്വാറി മാഫിയയാണ്. കോര്‍പറേറ്റ് സംഘത്തിന്റെ പിടിയിലാണു സര്‍ക്കാര്‍. മണ്ഡല സന്ദര്‍ശനത്തില്‍ പൗരപ്രമുഖരെയല്ല മുഖ്യമന്ത്രിയും മന്ത്രിമാരും കാണേണ്ടത്. മുന്നണിയെ ജയിപ്പിച്ചതു സാധാരണക്കാരാണ്. പാഞ്ചാലി വസ്ത്രാക്ഷേപം നടക്കുമ്പോള്‍ പാണ്ഡവരെ പോലെ ഇരിക്കരുതെന്നും വിദുരരായി മാറണമെന്നും അജിത് കൊളാടി ചൂണ്ടിക്കാട്ടി. സര്‍ക്കാരിന്റേയും പാര്‍ട്ടിയുടെയും വസ്ത്രാക്ഷേപം നടക്കുന്നു. പഞ്ചപാണ്ഡവരെ പോലെ മൗനികളാകരുത്. ധര്‍മം സംരക്ഷിക്കാന്‍ വിദുരരാകണം. സിപിഐ നേതൃത്വം പടയാളികളാകണമെന്നും അജിത് കൊളാടി പറഞ്ഞു.