ആനി രാജയെ പിന്തുണയ്ക്കാതെ സി പി ഐ സംസ്ഥാന നേതൃത്വം

തിരുവനന്തപുരം:എം.എം.മണിയുമായുള്ള വാക്പോരില്‍ ആനി രാജയെ പിന്തുണയ്ക്കാതെ സിപിഐ സംസ്ഥാന നേതൃത്വം.
നേതാക്കളുമായി ആലോചിക്കാതെയാണ് ആനി രാജയുടെ പ്രതികരണമെന്നാണ് നേതൃത്വത്തിന്റെ നിലപാട്. വാക്പോര് കടുത്തിട്ടും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അടക്കമുള്ള നേതാക്കള്‍ മൗനം പാലിക്കുന്നതാണ് വിമര്‍ശന വിധേയമാകുന്നത്.
നിലപാട് പറയേണ്ട വേദിയില്‍ പ്രതികരിക്കുമെന്ന് പറഞ്ഞ് മന്ത്രി ചിഞ്ചുറാണി ഒഴിഞ്ഞുമാറി. അതേ സമയം നേതൃത്വത്തിന്റെ പിന്തുണയുണ്ടെന്നും കാനമടക്കമുള്ള എല്ലാ നേതാക്കളും പ്രതികരിക്കണമെന്നില്ലെന്നും ആനി രാജ പറഞ്ഞു.കെ.കെ.രമയെ പിന്തുണച്ച ആനി രാജയെയും എം.എം.മണി അധിക്ഷേപിച്ചത് വ്യാപക പ്രതിഷേധമാണുണ്ടാക്കിയത്. പക്ഷെ സി പി ഐ സംസ്ഥാന നേതൃത്വം വിവാദത്തില്‍ കക്ഷിചേരാതെ ആനിക്കെതിരായ നിലപാടിലാണ്. ബിനോയ് വിശ്വവും ഇടുക്കി ജില്ലാ സെക്രട്ടറി ശിവരാമനും എ ഐ വൈ എഫും മണിക്കെതിരെ കടുപ്പിച്ചപ്പോള്‍ കാനം ദിവസങ്ങളായി ഒഴിഞ്ഞുമാറുകയാണ്. നിയമസഭയ്ക്കുള്ളില്‍ നടന്ന സംഭവത്തില്‍ അവിടെ തന്നെയാണ് തീര്‍പ്പുണ്ടാക്കേണ്ടതെന്നും ആനി രാജ സംസ്ഥാന നേതൃത്വവുമായി ആലോചിക്കാതെ മണിക്കെതിരെ പ്രതികരിച്ചെന്നുമാണ് നേതാക്കളുടെ വിലയിരുത്തല്‍. സി പി എം-കോണ്‍ഗ്രസ് തര്‍ക്കത്തില്‍ ആനി അനാവശ്യമായി ഇടപെട്ടെന്നാണ് നിലപാട്.
അതേസമയം ദേശീയ നേതാവിനെ പരസ്യമായി അധിക്ഷേപിച്ചിട്ടും സ്ത്രീപക്ഷ നിലപാട് ഉയര്‍ത്തിപ്പിടിക്കുന്ന പാര്‍ട്ടി എന്ന് പറയുമ്പോഴും കാനം ആനി രാജയെ പരസ്യമായി പിന്തുണയ്ക്കാത്തതില്‍ പാര്‍ട്ടിയിലെ ഒരു വിഭാഗത്തിന് അമര്‍ഷമുണ്ട്. ഇടത് മുന്നണി ഭരിക്കുമ്‌ബോഴും പാര്‍ട്ടി നേതാക്കള്‍ക്കെതിരെ സി പി എമ്മും പോലീസും സ്വീകരിക്കുന്ന സമീപനങ്ങളെ ശക്തമായി എതിര്‍ത്തിരുന്ന മുന്‍ സംസ്ഥാന സെക്രട്ടറിമാരുടെ സമീപനം വിട്ട കാനത്തിന് സിപിഎമ്മിനോട് മൃദുസമീപനമെന്നാണ് ഒരു വിഭാഗത്തിന്റെ നിലപാട്.

നേരത്തെ കേരള പോലീസിനെ വിമര്‍ശിച്ച ആനി രാജയുടേയും പിന്തുണച്ച ജനറല്‍ സെക്രട്ടറി ഡി. രാജയുടേയും നിലപാടുകള്‍ സംസ്ഥാന നേതൃത്വം തള്ളിക്കളഞ്ഞിരുന്നു. സംസ്ഥാന നിര്‍വാഹക സമിതിയില്‍ കേന്ദ്ര ഘടകത്തിനെതിരെ ഈ വിഷയത്തില്‍ രൂക്ഷവിമര്‍ശനം ഉയര്‍ന്നിരുന്നു. കേരള വിഷയങ്ങളില്‍ സംസ്ഥാന നേതാക്കളുമായി ആലോചിക്കാതെ പ്രതികരിക്കരുതെന്നായിരുന്നു കാനമടക്കളുള നേതാക്കള്‍ അന്നെടുത്ത സമീപനം.

Leave a Reply

Your email address will not be published. Required fields are marked *