പ്രധാന കേന്ദ്രങ്ങളിലും കേന്ദ്ര സര്‍ക്കാര്‍ ഓഫിസുകള്‍ക്കു മുന്നിലും ആയിരക്കണക്കിനു പ്രവര്‍ത്തകര്‍ പങ്കെടുക്കുന്ന ഉപരോധം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഘടിപ്പിക്കുമെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന് അറിയിച്ചു. പാര്‍ട്ടി കേന്ദ്ര കമ്മിറ്റി നിര്‍ദേശം അനുസരിച്ചാണു സമരം. സംസ്ഥാനത്തിനു മേലുള്ള കേന്ദ്രത്തിന്റെ സാമ്പത്തിക ഉപരോധം, വിലക്കയറ്റം, തൊഴിലില്ലായ്മ എന്നീ വിഷയങ്ങള്‍ ഉയര്‍ത്തിക്കാട്ടിയാകും സമരമെന്നു ഗോവിന്ദന് വ്യക്തമാക്കി.
പൊതുവിപണിയിലെ വിലക്കയറ്റം തടയാനുള്ള ഇടപെടലിനുള്ള പണം പോലും നല്‍കുന്നില്ല. എന്നിട്ടും രാജ്യത്തു വിലക്കയറ്റം ഫലപ്രദമായി തടയുന്നതു കേരളമാണ്. സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ക്കുന്ന നയങ്ങള്‍ക്കെതിരെ കേന്ദ്ര ധനമന്ത്രിയെ കണ്ടു നിവേദനം നല്‍കാമെന്നു മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍ യുഡിഎഫ് എംപിമാരും സമ്മതിച്ചതാണ്. എന്നാല്‍ സമയമായപ്പോള്‍ അവരാരും വന്നില്ല ഗോവിന്ദന് ആരോപിച്ചു.