മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍

പാലക്കാട്: മാസപ്പടി വിവാദത്തില്‍ കോണ്‍ഗ്രസ് എംഎല്‍എ മാത്യു കുഴല്‍നാടന്‍ മാപ്പ് പറയണമെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം എകെ ബാലന്‍. എക്‌സാലോജികിന്റെ ഭാഗത്ത് നിന്നും ഐടി അനുബന്ധ സേവനങ്ങളും സോഫ്റ്റ്വെയര്‍ ഡെവലപ്‌മെന്റ് സേവനവും ലഭിച്ചെന്ന് സിഎംആര്‍എല്‍ സത്യവാങ്മൂലം നല്‍കിയതാണ്. ഇന്‍കം ടാക്‌സ് ഇന്ററിം സെറ്റില്‍ റിഡ്രസല്‍ ഫോറം വീണയുടെ ഭാഗം കേട്ടില്ല. വീണയ്ക്ക് സിഎംആര്‍എല്‍ പണം നല്‍കിയതില്‍ ഇന്‍കം ടാക്‌സിനും ജിഎസ്ടി വകുപ്പിനും പരാതിയില്ലെന്നും എകെ ബാലന്‍ പറഞ്ഞു.
മാത്യു കുഴല്‍നാടന്‍ മാപ്പ് പറയുന്നതാണ് പൊതുപ്രവര്‍ത്തനത്തില്‍ അദ്ദേഹത്തിന്റെ വിശ്വാസ്യത കൂട്ടുക. അതദ്ദേഹം ചെയ്യുമെന്നാണ് താന്‍ കരുതുന്നത്. വീണയുടെ എക്‌സാലോജിക് കമ്പനിയുമായി ബന്ധപ്പെട്ട എല്ലാ രേഖയും നല്‍കാമെന്ന് നേരത്തെ തന്നെ മാത്യു കുഴല്‍നാടനോട് താന്‍ പറഞ്ഞതാണ്. അപ്പോഴാണ് അദ്ദേഹം ഔപചാരികമായി കത്ത് കൊടുത്തത്. ഇപ്പോള്‍ ഇക്കാര്യത്തില്‍ വ്യക്തത വന്ന സാഹചര്യത്തില്‍ മാപ്പ് പറയുന്നതാണ് നല്ലത്. നുണപ്രചരണത്തിന്റെ ഹോള്‍സെയില്‍ ഏജന്‍സിയാവുകയാണ് കേരളത്തില്‍ യുഡിഎഫും കോണ്‍ഗ്രസും. ഇത് ഈ നാടിനെ എങ്ങോട്ടാണ് കൊണ്ടുചെന്ന് എത്തിക്കുകയെന്നും അദ്ദേഹം ചോദിച്ചു.
ഇന്‍കം ടാക്‌സ് റെയ്ഡ് വന്നപ്പോള്‍ സിഎംആര്‍എല്ലിലെ ഒരു ഉദ്യോഗസ്ഥന്‍ പേടിച്ച് പറഞ്ഞതിനെ മുഖവിലക്കെടുത്താണ് മാസപ്പടി വിവാദത്തില്‍ വീണയ്ക്കും മുഖ്യമന്ത്രിക്കുമെതിരെ ആരോപണങ്ങള്‍ ഉന്നയിച്ചത്. സിഎംആര്‍എല്‍ കമ്പനി നല്‍കിയ സത്യവാങ്മൂലം ആരും പരിഗണിച്ചില്ല. ഇന്‍കം ടാക്‌സ് സെറ്റില്‍മെന്റ് ബോര്‍ഡ് വീണക്കെതിരെ പരാമര്‍ശം നടത്തിയത് മുഖ്യമന്ത്രിയുടെ മകളായത് കൊണ്ടാണ്. വീണയുടെ ഭാഗം കേള്‍ക്കാതെ വീണയെയും അച്ഛനായ മുഖ്യമന്ത്രിയെയും പരാമര്‍ശിക്കാന്‍ ബോര്‍ഡിന് എന്ത് അധികാരമാണ് ഉള്‌ലതെന്നും എകെ ബാലന്‍ ചോദിച്ചു. എക്‌സാലോജിക് കര്‍ണാടകയില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനിയാണ്. വിശദമായ പരിശോധന നടത്താന്‍ സമയമെടുത്തത് കൊണ്ടാവും റിപ്പോര്‍ട്ട് വൈകിയതെന്ന് കരുതുന്നു. ഈ വിവാദങ്ങള്‍ അവസാനിച്ചിട്ടില്ല. ഇനി മേലില്‍ ഇമ്മാതിരി കള്ളത്തരവും കൊണ്ട് നടക്കരുതെന്നും അദ്ദേഹം പറഞ്ഞു.
ജെഡിഎസ് എന്‍ഡിഎ ലയനവുമായി ബന്ധപ്പെട്ട വിവാദം ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മതന്യൂനപക്ഷങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ലക്ഷ്യമിട്ടുള്ളതാണെന്ന് എകെ ബാലന്‍ വിമര്‍ശിച്ചു. മതന്യൂനപക്ഷങ്ങളില്‍ മുഖ്യമന്ത്രിക്കുള്ള പ്രതിച്ഛായ ഇല്ലാതാക്കാനാണ് ശ്രമം. ആര്‍എസ്എസിന്റെ ആളാണ് പിണറായി എന്ന് വരുത്തിത്തീര്‍ക്കാനുള്ള പ്രചാരവേലകളാണ് നടക്കുന്നത്. ആര്‍എസ്എസ് 10 കോടി തലയ്ക്ക് വിലയിട്ട ആളാണ് പിണറായി വിജയന്‍. അങ്ങനെ ചരിത്രം കോണ്‍ഗ്രസിലെ ഏതെങ്കിലും നേതാവിന് ഇല്ലല്ലോ.
സിപിഎം ആര്‍എസ്എസിനെതിരെ സ്വീകരിക്കുന്ന നിലപാട് കേരളത്തിലെ ജനത്തിന് അറിയാം. ഇതിന് മുന്‍പ് കുറച്ച് ദിവസം ആരോഗ്യമന്ത്രി വീണ കൈക്കൂലി വാങ്ങിയെന്നും പേഴ്‌സണല്‍ സ്റ്റാഫ് അവരുടെ ബന്ധുവാണെന്നും പ്രചരിപ്പിച്ചു. ഇതൊന്നും ശരിയല്ലെന്ന് കേരളത്തിലെ ജനത്തിന് അറിയാം. ഇത്തരം കള്ളങ്ങള്‍ എത്ര തവണ പ്രചരിപ്പിച്ചാലും എല്‍ഡിഎഫിനോ അതിന് നേതൃത്വം നല്‍കുന്ന മുഖ്യമന്ത്രിക്കോ അദ്ദേഹത്തിന്റെ കുടുംബത്തിനോ ഒരും പോറലും ഏല്‍ക്കില്ലെന്നും എകെ ബാലന്‍ പറഞ്ഞു.