സി.പി.എം പൊട്ടിത്തെറി അഴിമതിപ്പണതർക്കം: ചെറിയാൻ ഫിലിപ്പ്

തിരുവനന്തപുരം: സി.പി.എം-ലെ വിവിധ ഏരിയ സമ്മേളനങ്ങളിലെ പൊട്ടിത്തെറിയ്ക്കു മുഖ്യ കാരണം ഭരണ സ്വാധീനം ഉപയോഗിച്ച് നടത്തിയ അഴിമതികളിലൂടെ സമാഹരിച്ച പണം പങ്കുവെച്ചതിലെ തർക്കമാണ്.

സി.പി.എം -ൽ വിഭാഗീയതയല്ല പ്രാദേശിക പ്രശ്നം മാത്രമാണെന്ന് എം.വി.ഗോവിന്ദൻ പറയുന്നത് പാർട്ടിയിലെ ഗുരുതരമായ ജീർണ്ണത മറച്ചുവെയ്ക്കാനാണ്. താഴേതട്ടിലെ തർക്കം പരിഹരിക്കാൻ സംസ്ഥാന സെക്രട്ടറി നേരിട്ട് എത്തേണ്ട ദുരവസ്ഥ സി.പി.എം -ൽ ആദ്യമാണ്.

സി.പി.എം. ഏരിയ സെക്രട്ടറിമാരിൽ അധികവും ഏട്ടു വർഷത്തിനുള്ളിൽ അഴിമതി കാട്ടിയും വ്യാപകമായ പണപ്പിരിവ് നടത്തിയും കോടീശ്വരന്മാരായി തീർന്നവരാണ്. പലരും വിവിധ തരം മാഫിയകളുടെ ഏജൻറുമാരാണ്. ഇവർക്കും അഴിമതിക്കാരായ ജില്ലാ നേതാക്കൾക്കും എതിരെ ഏരിയ സമ്മേളനങ്ങളിൽ പ്രതിഷേധം അണപൊട്ടിയൊഴുകയാണ്.

ഏരിയ കമ്മറ്റികളിൽ കൂട്ടുകച്ചവടം നടത്തുന്നവരെ നിലനിർത്താനും സ്വന്തം പിണയാളികളെ കുടിയിരുത്താനുമാണ് ജില്ലാ നേതൃത്വം പലയിടത്തും ശ്രമിക്കുന്നത്. രണ്ടു തവണ ഏരിയ സെക്രട്ടറിമാരായവർ ഒഴിഞ്ഞു കൊടുക്കാതെ കുത്തക സൃഷ്ടിക്കുന്നതിനെ പ്രവർത്തകർ എതിർക്കുന്നു. ജനാധിപത്യപരമായ സംഘടനാ തെരഞ്ഞെടുപ്പ് നടത്താൻ ചുമതലയുള്ള നേതാക്കൾ ഒരിടത്തും തയ്യാറാകുന്നില്ല. പുതിയ ഏരിയ കമ്മറ്റികളെ സമവായം കൂടാതെ മേൽ ഘടകം ഏകാധിപത്യപരമായി അടിച്ചേൽപ്പിക്കുന്ന പ്രവണതക്കെതിരെ പ്രവർത്തകർ പരസ്യമായി രംഗത്തുവന്നതോടെ സി.പി.എം ലെ അധികാര മത്സരം തെരുവിലായിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *