സിപിഎം ബോംബ് നിര്‍മാണം കുടില്‍ വ്യവസായം ആക്കിയെന്ന് കെ.സി വേണുഗോപാല്‍ എംപി

കോഴിക്കോട്: ‘കുറ്റ്യാടിയിലെ അക്രമരാഷ്ട്രീയത്തിന് എതിരെ’ എന്ന മൂദ്രാവാക്യവുമായി എ ഐ സി സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എംപിയുടെ നേതൃത്വത്തില്‍ പ്രഭാത സവാരി നടന്നു. യുഡിഎഫ് നേതൃത്വത്തിലായിരുന്നു പരിപാടി. മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റുമായ മുനവ്വറലി ശിഹാബ് തങ്ങള്‍, യുഡിഎഫ് സ്ഥാനാര്‍ഥികളായ പാറക്കല്‍ അബ്ദുള്ള, കെ.എം അഭിജിത്ത്, കെപിസിസി വര്‍ക്കിങ് പ്രസിഡന്റ് ഷാഫി പറമ്പില്‍ എംപി തുടങ്ങിയവര്‍ പങ്കെടുത്തു. പ്രാദേശിക യു ഡി എഫ് നേതാക്കളും പ്രവര്‍ത്തകരും പങ്കെടുത്തു.
എതിര്‍ക്കുന്നവരെ വകവരുത്താന്‍ ബോംബ് നിര്‍മാണം കുടില്‍ വ്യവസായം ആക്കിയ പാര്‍ട്ടിയാണ് സി പി എമ്മെന്നും അവര്‍ ബജറ്റില്‍ ബോംബ് നിര്‍മാണത്തിന് ഗ്രാന്റ് അനുവദിക്കുമോ എന്നു മാത്രമേ ഇനി അറിയേണ്ടതുള്ളൂവെന്നും കെ.സി വേണുഗോപാല്‍ പറഞ്ഞു. ചോദ്യം ചോദിക്കുന്നവരോട് വീട്ടില്‍ പോയി ചോദിക്കാന്‍ പറയുന്ന മുഖ്യമന്ത്രിയാണ് കേരളം ഭരിക്കുന്നത്.
പാര്‍ട്ടിക്കകത്ത് ചോദ്യം ചോദിച്ച ചന്ദ്രശേഖരനെ വെട്ടിക്കൊന്ന പാര്‍ട്ടിയാണത്. പ്രവാസികള്‍ വലിയ ആശങ്കയിലൂടെ കഴിഞ്ഞുപോകുന്ന നാളുകളാണ് ഇപ്പോള്‍. അവര്‍ക്ക് നാട്ടിനെ ഓര്‍ത്തെങ്കിലും സമാധാനം കിട്ടാന്‍ യു ഡി എഫ് അധികാരത്തില്‍ എത്തേണ്ടതുണ്ടെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു ജനങ്ങളുമായി നേരിട്ട് സംവദിക്കാനും സമാധാനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്താനുമാണ് പ്രഭാത സവാരി തിരഞ്ഞെടുത്തതെന്ന് കെ.സി വേണുഗോപാല്‍ പറഞ്ഞു.