സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരെ : മറിയക്കുട്ടി

അടിമാലി: സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിനെതിരെ പെന്‍ഷന്‍ മുടങ്ങിയതിനെ തുടര്‍ന്ന് ഭിക്ഷ യാചിച്ച് പ്രതിഷേധിച്ച മറിയക്കുട്ടി. ഇന്ന് വര്‍ഗീസ് മറിയക്കുട്ടിയെ യുഡിഎഫിന്റെയും ബിജെപിയുടേയും അധപതനമെന്ന് വിശേഷിപ്പിച്ചതിന് പിന്നാലെയാണ് മറിയക്കുട്ടി രംഗത്തെത്തിയിരിക്കുന്നത്. വര്‍ഗീസിന് ക്വാറിയുണ്ട്, ബസുണ്ട് ഇതിനുള്ള പണം എങ്ങനെയുണ്ടായി എന്നാണ് മറിയക്കുട്ടിയുടെ ചോദ്യം. വര്‍ഗീസ് ഇതുവരെ എംഎല്‍എ ആയിട്ടില്ല, മന്ത്രി ആയിട്ടില്ല പിന്നെ എങ്ങനെ ഈ ആസ്തികള്‍ ഉണ്ടായി. വര്‍ഗീസിനെതിരെ കോടതിയെ സമീപിക്കുമെന്നും മറിയക്കുട്ടി പറഞ്ഞു.
വര്‍ഗീസേ നിന്റെ പാര്‍ട്ടി കാരണമാണ് ഞാന്‍ ഭിക്ഷ ചട്ടിയുമായി ഇറങ്ങിയത്. എനിക്ക് പെന്‍ഷന്‍ കിട്ടിയില്ല. എനിക്ക് അരി കിട്ടിയില്ല. ഞാന്‍ കൊടി പിടിക്കാത്തത് കൊണ്ടാണോ? ഞാന്‍ ബക്കറ്റുമായി ഇറങ്ങിയിട്ടില്ല. നിന്റെ പാര്‍ട്ടിക്ക് എംഎല്‍എമാര്‍ ഉണ്ടായിരുന്നു. എംപിമാര്‍ ഉണ്ടായിരുന്നു. നിനക്ക് മറിയക്കുട്ടി ആരാണെന്ന് അറിയുമോ. നിനക്കെതിരെ കോടതിയില്‍ കടലാസ് കൊടുക്കും. രണ്ടുമാസം മുമ്പ് ഞാന്‍ ആര്‍എസ്എസില്‍ ആയിരുന്നു. പിന്നെ മുസ്ലിം ലീഗില്‍ പോയി. അതു കഴിഞ്ഞ് ബിജെപിയിലായി. പിന്നെ കോണ്‍ഗ്രസിലായി. എനിക്ക് എവിടെയെങ്കിലും പോകണമെങ്കില്‍ ആരോടും ചോദിക്കേണ്ട കാര്യമായില്ല ഈ അടവൊന്നും മറിയക്കുട്ടിയുടെ അടുത്ത് ചിലവാകില്ല. ഞാന്‍ എന്റെ പാര്‍ട്ടി വിട്ടു പോയിട്ടില്ല. ഞാന്‍ കോണ്‍ഗ്രസില്‍ തന്നെയാണ്.” മറിയക്കുട്ടി പറഞ്ഞു
ഡീന്‍ കുര്യാക്കോസ് കാര്യം അറിഞ്ഞപ്പോള്‍ ഓടിയെത്തി. ആറുമാസത്തെ പെന്‍ഷന്‍ തുക നല്‍കി. ഡീനിനെ കുറ്റം പറയാന്‍ വര്‍ഗീസിന് എന്ത് യോഗ്യതയാണുള്ളതെന്നും മറിയക്കുട്ടി ചോദിച്ചു. സിപിഎം ജില്ലാ സെക്രട്ടറിയുടെ നാട്ടിലാണ് പിഞ്ചു പെണ്‍കുട്ടിയെ കൊന്നു കെട്ടിത്തൂക്കിയത്. വര്‍ഗീസും അവിടെ ഉണ്ടായിരുന്നിട്ടും പ്രതി രക്ഷപ്പെട്ടുവെന്നും മറിയക്കുട്ടി ആരോപിച്ചു.
മറിയക്കുട്ടിയെ എന്തിന് ഭയപ്പെടണമെന്നായിരുന്നു സിപിഎം ജില്ലാ സെക്രട്ടറി സി.വി. വര്‍ഗീസിന്റെ പ്രതികരണം.ഡീന്‍ കുര്യാക്കോസ് ഉണ്ടാക്കിയ തിരക്കഥയായിരുന്നു മറിയക്കുട്ടി. അതിലൊന്നും കാര്യമില്ല. കേസിനെ ഭയമില്ല. നിയമപരമായി നേരിടും. മറിയക്കുട്ടിയെക്കുറിച്ചോ അവര്‍ പറയുന്ന കാര്യങ്ങളെക്കുറിച്ചോ ഞങ്ങള്‍ ചിന്തിക്കുന്നത് പോലുമില്ല എന്നായിരുന്നു ഇന്ന് വര്‍ഗീസ് പറഞ്ഞത്. രാവിലെ ബിജെപിയും ഉച്ചകഴിഞ്ഞാല്‍ കോണ്‍ഗ്രസും എന്നതാണ് മറിയക്കുട്ടിയുടെ നിലപാട്. സിപിഎം ഒഴിച്ച് ഏതു പാര്‍ട്ടി വിളിച്ചാലും പോകുമെന്ന പ്രസ്താവന അതിന് തെളിവാണെന്നും സി.വി. വര്‍ഗീസ് ഇന്ന് പറഞ്ഞിരുന്നു.