സിപിഎം ‘ജനകീയ പ്രതിരോധ ജാഥ’യ്ക്ക് ഇന്ന് കാസര്‍ഗോഡ് തുടക്കം

തിരുവനന്തപുരം: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നേതൃത്വത്തിലുള്ള “ജനകീയ പ്രതിരോധ ജാഥ’ ഇന്ന് കാസർഗോഡ് തുടക്കമാകും. കേരളത്തിലെ
140 നിയമസഭാ മണ്ഡലങ്ങളിലൂടെയും കടന്നുപോകുന്ന ജാഥ മാർച്ച് 18നു തിരുവനന്തപുരത്തു സമാപിക്കും. വൈകിട്ടു 4ന് എം.വി. ഗോവിന്ദന് പതാക കൈമാറി മുഖ്യമന്ത്രിയും പൊളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയൻ ജാഥ ഉദ്ഘാടനം ചെയ്യും. കേന്ദ്ര സർക്കാരിനെതിരെയുള്ള രാഷ്ട്രീയ പ്രചാരണ പരിപാടി എന്ന നിലയ്ക്കാണ് സിപിഎം ജാഥ സംഘടിപ്പിക്കുന്നത്. എന്നാല്‍ നിലവിലെ സര്‍ക്കാര്‍ പ്രതിരോധത്തിലായ വിഷയങ്ങളില്‍ വിശദീകരണമുണ്ടായേക്കും.
ഗൃഹസന്ദർശന പരിപാടിക്കു ശേഷമാണു ജാഥയുമായി പാർട്ടി രംഗത്തെത്തുന്നത്. വര്‍ത്തമാനകാല സ്ഥിതികൾ ചര്‍ച്ച ചെയ്തും ജനങ്ങളുമായി സംവദിച്ചുമാണ് ഗോവിന്ദൻ നയിക്കുന്ന ആദ്യ സംസ്ഥാനതല പ്രചാരണ ജാഥ മുന്നോട്ട് പോവുക.
സംസ്ഥാന സര്‍ക്കാര്‍ നടപ്പിലാക്കുന്ന വികസന പ്രവര്‍ത്തനങ്ങളും വര്‍ഗീയതയുടെ ഭീഷണികളും യാത്രയില്‍ വിശദീകരിക്കും. കേന്ദ്ര അവഗണനയും തുറന്നുകാട്ടും. ഒരോ കേന്ദ്രങ്ങളിലും പരമാവധി പ്രവർത്തകരെ അണിനിരത്താനാണ് പാർട്ടി തീരുമാനം. ജില്ലാ കേന്ദ്രങ്ങളിൽ പൗര പ്രമുഖരുമായുള്ള കൂടിക്കാഴ്ചയും തീരുമാനിച്ചിട്ടുണ്ട്.