സിപിഎം നേതാവിന്റെ പരാതി; ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസ് കേസെടുക്കുമോ

തിരുവനന്തപുരം : ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരായ സി പി എം നേതാവിന്റെ പരാതിയില്‍ കേസെടുക്കുന്ന കാര്യത്തില്‍ തീരുമാനമായില്ല. വടക്കാഞ്ചേരി നഗരസഭ കൗണ്‍സിലര്‍ പി ആര്‍ അരവിന്ദാക്ഷനാണ് ഇ ഡി ഉദ്യോഗസ്ഥര്‍ക്കെതിരെ പൊലീസില്‍ പരാതി നല്‍കിയത്. വ്യാജമൊഴി നല്‍കാന്‍ ഉദ്യോഗസ്ഥര്‍ തന്നെ ക്രൂരമായി മര്‍ദ്ദിച്ചുവെന്നാണ് അരവിന്ദാക്ഷന്റെ പരാതി. എറണാകുളം സെന്‍ട്രല്‍ പൊലീസ് ഇത് സംബന്ധിച്ച് ഇന്നലെ അതിവേഗം ഇ ഡി ഓഫീസില്‍ എത്തി പ്രാഥമിക പരിശോധന നടത്തിയിരുന്നു.
എന്നാല്‍ കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ കേസെടുക്കുന്നത് കൂടുതല്‍ ആലോചനകള്‍ക്ക് ശേഷം മതിയെന്നാണ് തീരുമാനം. നേരത്തെ സ്വര്‍ണ്ണക്കടത്തിലെ കള്ളപ്പണക്കേസ് അന്വേഷണത്തിനിടയിലും ഇഡി ഉദ്യോഗസ്ഥര്‍ ക്കെതിരെ പൊലീസ് കേസെടുത്തിരുന്നു.
സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത്
സഹകരണ ബാങ്ക് ക്രമക്കേട് അന്വേഷണത്തില്‍ ഇഡി പിടിമുറുക്കുന്നതും മുതിര്‍ന്ന നേതാക്കള്‍ക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളും അടക്കം നിലനില്‍ക്കെ സി പി എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് തിരുവനന്തപുരത്ത് ചേരും. സംസ്ഥാന സമിതി അംഗവും മുന്‍ മന്ത്രിയുമായ എ സി മൊയ്ദീനെതിരായി നടക്കുന്ന അന്വേഷണം മുതല്‍, സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിനെ ലക്ഷ്യം വച്ചുള്ള ഇഡി നീക്കം വരെയുള്ള പ്രതിസന്ധികള്‍ യോഗത്തില്‍ ചര്‍ച്ചയാകും. രാഷ്ട്രീയ പ്രേരിത ഇടപെടല്‍ നടക്കുന്നുവെന്നും സഹകരണ മേഖലയെ തകര്‍ക്കാന്‍ ഗൂഢനീക്കങ്ങളുണ്ടെന്നുമുള്ള നിലപാടിലാണ് സിപിഎം. കേരളീയം പദ്ധതിയുടെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും നടത്തുന്ന മണ്ഡല സദസ്സുകളുടെ ആലോചനകളും പുതുപ്പള്ളി ഉപതെരഞ്ഞെടപ്പ് വിലയിരുത്തലും നടന്നേക്കും. മന്ത്രിസഭാ പുനസംഘടന ചര്‍ച്ചയാകാന്‍ ഇടയില്ല.നാളെ സംസ്ഥാന സമിതിയോഗവും ഉണ്ട്.