സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് അന്തരിച്ചു

മലപ്പുറം: സിപിഎം സംസ്ഥാന കമ്മിറ്റിയംഗം ഇ എൻ മോഹൻദാസ് (74) അന്തരിച്ചു. രണ്ടുതവണ മലപ്പുറം ജില്ലാ സെക്രട്ടറിയായിരുന്ന അദ്ദേഹം പക്ഷാഘാതത്തെ തുടർന്ന് പെരിന്തൽമണ്ണ ഇഎംഎസ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഇന്നുരാവിലെയായിരുന്നു അന്ത്യം. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളേജിന് കൈമാറും.
രണ്ടുതവണ പാർട്ടി ജില്ലാ സെക്രട്ടറിയായിരുന്നു. മലപ്പുറം ഇഎംഎസ് പഠന ഗവേഷണ കേന്ദ്രം സെക്രട്ടറിയാണ്. 2018ൽ പെരിന്തൽമണ്ണ സമ്മേളനത്തിലാണ് അദ്ദേഹം ആദ്യം ജില്ലാ സെക്രട്ടറിയായത്. 2021 ഡിസംബറിൽ തിരൂരിൽ നടന്ന സമ്മേളനത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടു. 2024ൽ താനൂരിൽ നടന്ന സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു മാറി. ദേശാഭിമാനി മലപ്പുറം യൂണിറ്റിന്റെ പ്രഥമ മാനേജറാണ്.1951 സെപ്‌റ്റംബർ 15ന് ഇന്ത്യനൂർ എടയാട്ട് നെടുമ്പുറം വേലുനായരുടെയും പാറുക്കുട്ടി അമ്മയുടെയും മകനായി ജനിച്ചു. വിദ്യാർത്ഥി-യുവജന പ്രസ്ഥാനത്തിലൂടെ പൊതുരംഗത്ത് സജീവമായി. കെഎസ്‌വൈഎഫ് ജില്ലാ പ്രസിഡന്റും ഡിവൈഎഫ്‌ഐ പ്രഥമ ജില്ലാ പ്രസിഡന്റുമായി. സിപിഎം ഇന്ത്യനൂർ ബ്രാഞ്ച് സെക്രട്ടറി, കോട്ടക്കൽ ലോക്കൽ സെക്രട്ടറി, മലപ്പുറം ഏരിയാ സെക്രട്ടറി, ഏറനാട് താലൂക്ക് കമ്മിറ്റി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചു. 2018 മുതൽ 2024 വരെ ജില്ലാ സെക്രട്ടറിയായിരുന്നു. റെയ്‌ഡ്‌കോ വൈസ് ചെയർമാനായും പ്രവർത്തിച്ചു.ഭാര്യ: കെ ഗീത (റിട്ട. അദ്ധ്യാപിക). മക്കൾ: ഡോ. ദിവ്യ (കോട്ടക്കൽ ആര്യവൈദ്യശാല), ധ്യാൻ മോഹൻ (ഐടി എഞ്ചിനീയർ). മരുമക്കൾ: ഡോ. പി പി ജയപ്രകാശൻ (അസി. പ്രൊഫസർ, ടിഎംജി ഗവ. കോളേജ്, തിരൂർ), ശ്രീജിഷ (ഐടി എഞ്ചിനീയർ).