മതവിശ്വസത്തിനെതിരായ നിലപാട് പാര്‍ട്ടിയിലില്ലെന്ന് സി പി എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍

തങ്ങള്‍ ഏതെങ്കിലും വിശ്വാസത്തിനോ മതത്തിനോ എതിരല്ലെന്നും അദ്ദേഹം സ്പീക്കര്‍ എ എന്‍ ഷംസീറിന്റെ പ്രസ്താവന വിവാദമായ സാഹചര്യത്തിലാണ് ഗോവിന്ദന്റെ പ്രതികരണം.ഷംസീറിന്റെ പ്രസ്താവന ദുര്‍വ്യാഖ്യാനിച്ച് വര്‍ഗീയ ധ്രുവീകരണത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

ചരിത്രത്തെ കാവിവത്ക്കരിക്കാന്‍ ശ്രമം നടക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ അഭിപ്രായം പറയുന്ന കോണ്‍ഗ്രസ് നേതാക്കള്‍ നെഹ്റുവിന്റെ പുസ്തകം വായിക്കണമെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.ഗണപതി ക്ഷേത്രത്തില്‍ വഴിപാട് നടത്തുന്നതില്‍ സി പി എമ്മിന് എതിരഭിപ്രായം ഇല്ല. വഴിപാട് രാഷ്ട്രീയ ആയുധമാക്കി മാറ്റുന്നില്ലേയെന്ന് സ്വയം പരിശോധിക്കണം.

വിശ്വാസികള്‍ ഉയര്‍ത്തിപ്പിടിക്കുന്ന നിരവധി കാര്യങ്ങളില്‍ തങ്ങള്‍ക്ക് വിയോജിപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു. രാമക്ഷേത്രനിര്‍മാണത്തില്‍ പ്രധാനമന്ത്രി പരികര്‍മ്മിയെപ്പോലെ പ്രവര്‍ത്തിച്ചെന്നും ഇന്ത്യപോലുള്ള രാജ്യത്ത് അത്തരമൊരു നിലപാട് ശരിയാണോയെന്നും ഗോവിന്ദന്‍ ചോദിച്ചു.വിശ്വാസത്തിന്റെ പേരില്‍ ശാസ്ത്രത്തിന്റെ മേല്‍ കുതിര കയറരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കോണ്‍ഗ്രസിന് വേണ്ടി ബിജെപിയും, ബിജെപി പറയുന്നത് കോണ്‍ഗ്രസും ഏറ്റുപറയുന്നു.

അമ്പലത്തില്‍ പോകുന്നതിനായി സമരം ചെയ്ത പാര്‍ട്ടിയാണ് സി പി എം. മാപ്പ് പറയാനോ തിരുത്തിപ്പറയാനോ ഉദ്ദേശിക്കുന്നില്ലെന്ന് ഗോവിന്ദന്‍ വ്യക്തമാക്കി.’ഷംസീര്‍ പറഞ്ഞത് മുഴുവന്‍ ശരിയാണ്. ഇത് തന്നെയാണ് ശശി തരൂര്‍ മുമ്പ് പറഞ്ഞത്. നെഹ്റു പറഞ്ഞതും ഇത് തന്നെയാണ്. ഇനിയിപ്പോള്‍ സതീശന്‍ എന്താണ് പറയുകയെന്ന് നോക്കട്ടെ.അദ്ദേഹം പറഞ്ഞു.

പിന്തിരിപ്പന്‍ ചിന്തകള്‍ മാറ്റണമെന്ന് ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു. ഗണപതി ഇന്നത്തെ നിലയില്‍ രൂപപ്പെട്ടുവന്നത് പ്ലാസ്റ്റിക് സര്‍ജറിയിലൂടെയാണെന്ന് പറഞ്ഞത് ഷംസീറല്ല, ഇന്ത്യന്‍ പ്രധാനമന്ത്രിയാണ്. ഗണപതി മിത്തല്ലാതെ പിന്നെ ശാസ്ത്രമാണോ. വിശ്വാസികളെ സംബന്ധിച്ച് അവരുടെ വിശ്വാസം അനുസരിച്ച് അവര്‍ക്ക് ജീവിക്കാം എന്ന് ഗോവിന്ദന്‍ പറഞ്ഞു.

 

Leave a Reply

Your email address will not be published. Required fields are marked *