കൊല്ലം പിടിയ്ക്കാന്‍ കച്ചകെട്ടി സിപിഎം; കെ കെ ശൈലജയും സിഎസ് സുജാതയും

തിരുവനന്തപുരം: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കഴിഞ്ഞ രണ്ട് തവണയും കൈവിട്ട് പോയ കൊല്ലം പിടിക്കാന്‍ ഇത്തവണ രണ്ടും കല്‍പ്പിച്ചാണ് ഇടതുമുന്നണി. എണ്ണം പറഞ്ഞ സ്ഥാനാര്‍ഥിയെ തന്നെ മത്സരത്തിനിറക്കാനാണ് സിപിഎം തീരുമാനം. സിഎസ് സുജാത മുതല്‍ കെകെ ശൈലജ വരെയുള്ള പ്രമുഖരുടെ നിരതന്നെയുണ്ട് പരിഗണന പട്ടികയില്‍. പരമ്പരാഗത ഇടതുകോട്ടയാണ് കൊല്ലമെങ്കിലും തെരഞ്ഞെടുപ്പ് പാര്ലമെന്റിലേക്കെങ്കില് പിടിവിട്ട് പോകുന്നതാണ് കൊല്ലത്തെ പതിവ്.
പതിറ്റാണ്ടുകള്‍ നീണ്ട ഇടത് ബന്ധം ഉപേക്ഷിച്ച് ആര്‍എസ്പി യുഡിഎഫിലേക്ക് ചേക്കേറിയ 2014ല്‍ കൊല്ലം പിടിക്കാന്‍ പോളിറ്റ് ബ്യൂറോ അംഗം എംഎ ബേബിയെ തന്നെ ഇറക്കിയതാണ് സിപിഎം. പക്ഷെ കുറിക്കുകൊള്ളുന്ന രണ്ട് വാക്ക് പറയാന്‍ തെരഞ്ഞെടുപ്പ് കളത്തിലിറങ്ങി നിന്ന പിണറായി വിജയന് പിടിവിട്ടു പറഞ്ഞ ആ പ്രയോഗത്തിന്റെ ഏറ്റക്കുറച്ചിലുകളില്‍ ഊന്നിയാണ് പിന്നെ കൊല്ലത്തെ തെരഞ്ഞെടുപ്പ് കളം.
പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്നെങ്കിലും തെരഞ്ഞെടുപ്പ് തന്ത്രങ്ങളേയും സിപിഎമ്മിന്റെ സംഘടനാ ചിട്ടവട്ടങ്ങളേയും മലര്‍ത്തിയടിച്ച് ഓരോ തവണയും പ്രേമചന്ദ്രന് ഭൂരിപക്ഷം കൂട്ടി. മറ്റ് അത്ഭുതങ്ങളൊന്നും സംഭവിച്ചില്ലെങ്കില്‍ ഇത്തവണയും എന്‍കെ പ്രേമചന്ദ്രന് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാണ്. കൊല്ലം അങ്ങനെ വിട്ടുകൊടുക്കില്ലെന്ന് ഉറപ്പിച്ചാണ് സിപിഎം ജില്ലാ കമ്മിറ്റി. പ്രമുഖ സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരത്തിനിറക്കണമെന്ന ആവശ്യം സംസ്ഥാന നേതൃത്വത്തിന് മുന്നില്‍ വച്ചിട്ടുണ്ട്. സിഎസ് സുജാതയില്‍ തുടങ്ങി കെകെ ശൈലജ വരെയുള്ളവരാണ് പ്രഥമ പരിഗണന ലിസ്റ്റില്‍.