കൊച്ചി; നടി ആക്രമിക്കപ്പെട്ട നടൻ ദിലീപിനെ വീണ്ടും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് സംഘം തീരുമാനിച്ചു. തിങ്കളാഴ്ചയാണ് നടനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുള്ളത്. കേസിൽ നിർണായകമായ പല തെളിവുകളും ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ട്. ഈ കേസിൽതുടരന്വേഷണം നടത്തി ഏപ്രിൽ 15 ന് റിപ്പോർട്ട് സമർപ്പിക്കാനാണ് വിചാരണ കോടതി നിർദ്ദേശം നൽകിട്ടുള്ളത്.നടി ആക്രമിക്കപ്പെട്ട കേസിലെ തുടരന്വേഷണം അവസാന ഘട്ടത്തിലേക്ക് കടക്കുകയാണ്. കേസിൽ സംവിധായകൻ ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയ ‘വി ഐ പി’ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത് ആണെന്ന് തിരിച്ചറിഞ്ഞതോടെ അന്വേഷണത്തിൽ പുതിയ വഴിത്തിരിവാണ് ഉണ്ടായത്. നടി ആക്രമിക്കപ്പെട്ട ദൃശ്യങ്ങൾ ദിലീപിന് കൊണ്ട് നൽകിയത് വിഐപിയാണെന്നായിരുന്നു ബാലചന്ദ്രകുമാർ വെളിപ്പെടുത്തിയത്.
കഴിഞ്ഞ ദിവസം ശരതിനെ അന്വേഷണ സംഘം രഹസ്യ കേന്ദ്രത്തിൽ വെച്ച് ചോദ്യം ചെയ്തിരുന്നു. ഏകദേശം മൂന്ന് മണിക്കൂറോളം ഇയാളെ ചോദ്യം ചെയ്തെന്നാണ് വിവരം. എന്നാൽ പല കാര്യങ്ങളും ശരത് ചോദ്യം ചെയ്യലിൽ നിഷേധിച്ചതായും റിപ്പോർട്ടുണ്ട്. അതിനിടെ കേസിലെ സാക്ഷിമൊഴികളിൽ പരാമർശിച്ച മാഡത്തെ കണ്ടെത്താനുള്ള ശ്രമങ്ങളും അന്വേഷണ സംഘം ഉർജിതമാക്കി. ഇതിൻറെ ഭാഗമായി നടിയും ദിലീപിന്റെ ഭാര്യയുമായ കാവ്യ മാധവനേയും അന്വേഷണ സംഘം ചോദ്യം ചെയ്യും.
തിങ്കളാഴ്ച ദിലീപിനെ ചോദ്യം ചെയ്ത് കഴിഞ്ഞതിന് പിന്നാലെയാകും കാവ്യയെ ചോദ്യം ചെയ്യുക. ഉടൻ തന്നെ നടിക്ക് ഹാജാരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് നൽകും. സാക്ഷി മൊഴികളിൽ പറയുന്ന മാഡം കാവ്യ മാധവൻ തന്നെയാണോയെന്ന കാര്യവും അന്വേഷണ സംഘം പരിശോധിക്കും. പരമാവധി തെളിവുകൾ ശേഖരിക്കുകയാണ് ക്രൈംബ്രാഞ്ച് നീക്കം. ഇതിനോടകം തന്നെ ദിലീപിനെതിരെ ഇലക്ട്രോണിക് തെളിവുകൾ ഉൾപ്പെടെയുള്ള നിരവധി രേഖകൾ പോലീസ് ശേഖരിച്ചിട്ടുണ്ട്.
പ്രത്യക അന്വഷണ സംഘം നേരത്തേ ദിലിപിന്റേയും സുഹൃത്തുക്കളുടേയും ബന്ധുക്കളുടേയും കൈയ്യിൽ നിന്നായി 26 ഉപകരണങ്ങൾ പിടിച്ചെടുത്തിരുന്നു. ഇതിൽ നിന്നും പിടിച്ചെടുത്ത തെളിവുകൾ നിർണായകമാണെന്നാണ് റിപ്പോർട്ടുകൾ.