തിരുവനന്തപുരം: ജീപ്പില്‍ നിന്ന് യുവാവ് വീണ് മരിച്ച സംഭവത്തില്‍ ജില്ലാക്രൈംബ്രാഞ്ച് അന്വേഷണം നടത്തും. മരിച്ച പാപ്പനംകോട് പൂഴിക്കുന്ന് സ്വദേശി സനോഫറിന്റെ ഭാര്യയുടെ പരാതിയിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.
കുടുംബകലഹത്തെ തുടര്‍ന്ന് കസ്റ്റഡിയിലെത്ത ഇയാളെ പൂന്തുറ പൊലീസ് വിട്ടയച്ചെങ്കിലും ഒരു ദിവസം കൂടി കസ്റ്റഡിയില്‍ വെക്കാന്‍ കുടുംബം ആവശ്യപ്പെട്ടിരുന്നു. തുടര്‍ന്ന് പോലീസ് കൊണ്ടുപോയ സനോഫറിനെ മര്‍ദിച്ചതിനെ തുടര്‍ന്നാണ് ജീപ്പില്‍ നിന്ന് ചാടിയതെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. അദ്ദേഹത്തിന്റെ ശരീരത്തില്‍ മര്‍ദനമേറ്റ പാടുകളുണ്ടെന്നും അവര്‍ പറഞ്ഞിരുന്നു.
17 നാണ് സംഭവം നടന്നിരുന്നത്. കസ്റ്റഡിയില്‍ വെക്കുന്നതിന് മുമ്പായി വൈദ്യപരിശോധനയ്ക്ക് കൊണ്ടു പോകുന്നതിനിടെയാണ് ജീപ്പില്‍ നിന്ന് ചാടുകയായിരുന്നു. അപകടശേഷം നാല് ദിവസമായി ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു. ഈഞ്ചക്കലില്‍ വെച്ച് വണ്ടിയില്‍ നിന്ന് ചാടിയതാണെന്നാണ് പോലീസ് വീട്ടുകാരെ അറിയിച്ചിരുന്നത്. ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. പിന്നീടാണ് മരണം സംഭവിച്ചത്.
സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തുമെന്ന് മന്ത്രി വി ശിവന്‍കുട്ടി അറിയിച്ചിട്ടുണ്ട്. സംഭവത്തിന്റെ നിജസ്ഥിതിയും ആരോപണങ്ങളും വിശദമായി അന്വേഷിക്കും. വീട്ടുകാര്‍ക്ക് പരാതിയുണ്ടെങ്കില്‍ അക്കാര്യവും കൃത്യമായി അന്വേഷിക്കും. അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ശരിയായ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു