കോർപ്പറേഷൻ ഭരണത്തിൽ പ്രതിസന്ധി; ബിജെപിയെ സമ്മർദത്തിലാക്കി യുഡിഎഫ്

തിരുവനന്തപുരം: തലസ്ഥാനത്ത് കോർപ്പറേഷനിൽ ബിജെപി ഭരണത്തിനെതിരെ അവിശ്വസ പ്രമേയം കൊണ്ടുവരാനുള്ള നീക്കവുമായി യുഡിഎഫ്. എൽഡിഎഫിന്റെ നിലപാട് കൂടി അനുകൂമായാൽ ബിജെപിക്ക് ഈ നീക്കം നിർണായകമാകും. അടുത്ത തിങ്കളാഴ്ചയാണ് കൗൺസിൽ യോഗം ചേരാൻ തീരുമാനിച്ചിരിക്കുന്നത്. കൗൺസിൽ യോഗം നീട്ടിവയ്ക്കുന്നതിനെതിരെ യുഡിഎഫും എൽഡിഎഫും രംഗത്തെത്തിയതിന് പിന്നാലെയാണ് തിങ്കളാഴ്ച യോഗം ചേരാൻ തീരുമാനിച്ചത്.
തിരുവനന്തപുരം കോർപ്പറേഷനിൽ നടക്കുന്നത് യുഡിഎഫ്-എൽഡിഎഫ് ഒത്തുകളിയാണെന്നാണ് ബിജെപി ഉയർത്തുന്ന വിമർശനം. അതിന്റെ ഭാഗമായുളള നാടകമാണ് ഇന്നലെ നഗരസഭയ്ക്കുള്ളിൽ അരങ്ങേറിയാതെന്നും ബിജെപി ആരോപിച്ചു. കോർപ്പറേഷനിലെ ബിജെപി കൗൺസിലറും കാപ്പ കേസിൽ നിലവിൽ ജയിലിലുമായ സുഗതനെ സ്ഥാനത്ത് നിന്ന് മാറ്റണമെന്നാണ് എൽഡിഎഫും യുഡിഎഫും ആവശ്യപ്പെടുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന പ്രതിഷേധത്തിന്റെ തുടർച്ചയാണ് ഇന്നലെ നടന്ന സംഘർഷവും.
നിലവിൽ ബിജെപി കൗൺസിലറായ സുഗതനെതിരെ കാപ്പ ചുമത്തിയത് ആഭ്യന്തര സെക്രട്ടറി കഴിഞ്ഞ ദിവസം അംഗീകരിച്ചിരുന്നു. അതേസമയം, അസാധുവായ തന്റെ സത്യപ്രതിജ്ഞയ്ക്ക് അനുമതി ആവശ്യപ്പെട്ടുകൊണ്ട് സുഗതൻ ഹൈക്കോടതിയെ സമീപിക്കും. കാപ്പക്കേസിൽ ഇളവ് തേടി കാപ്പാ ബോർഡിനെയും സമീപിക്കാനാണ് സുഗതന്റെ നീക്കം. എന്നാൽ സുഗതന്റെ പുനർസത്യപ്രതിജ്ഞ ചട്ടവിരുദ്ധമാണെന്ന പരാതിയിൽ സർക്കാരും നിയമോപദേശം തേടും. അസാധുവാക്കിയ സത്യപ്രതിജ്ഞ 14 ദിവസത്തിനുള്ളിൽ വീണ്ടും ചെയ്യണമെന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്.