എംഎം മണിക്കും ശ്രീരാമകൃഷ്ണനുമെതിരെ ഫേസ്ബുക്കില്‍ വിമര്‍ശനം

പാലക്കാട്: മുന്‍ മന്ത്രി എം.എം മണിയേയും സ്പീക്കറായിരുന്ന ശ്രീരാമകൃഷ്ണനുമെതിരെ ഫേസ്ബുക്കില്‍ പോസ്റ്റിട്ട മുന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥന്റെ പെന്‍ഷനില്‍ നിന്ന് 500 സ്ഥിരമായി പിടിക്കാന്‍ ഉത്തരവ്. പാലക്കാട് വിദ്യാഭ്യാസ ഉപജില്ലാ ഓഫീസിലെ മുന്‍ പേഴ്‌സണല്‍ അസിസ്റ്റന്റും, എന്‍ജിഒ യൂണിയന്‍ അംഗവുമായിരുന്ന മുഹമ്മദാലിയുടെ പെന്‍ഷന്‍ തുകയില്‍ നിന്ന് മാസം 500 രൂപ പിടിക്കണമെന്നാണ് ഉത്തരവ്.

മണിയുടെ ചിരിയെ കുറിച്ചും ശ്രീരാമകൃഷ്ണന്‍ കണ്ണട വാങ്ങിയതിനും എതിരെയായിരുന്നു മുഹമ്മദാലിയുടെ പോസ്റ്റ്. തുടര്‍ന്ന് പോസ്റ്റിനെതിരെ പൊലീസിലും വകുപ്പിലും പരാതിയെത്തി. പൊലീസ് കേസില്‍ കോടതിയില്‍ കുറ്റസമ്മതം നടത്തിയ മുഹമ്മദാലി 3000 രൂപ പിഴയുമടച്ചു. പക്ഷേ കാര്യങ്ങള്‍ അവിടെ തീര്‍ന്നില്ല. 2021ല്‍ മുഹമ്മദാലി സര്‍വീസില്‍ നിന്ന് വിരമിച്ചെങ്കിലും വകുപ്പുതല അന്വേഷണം തുടര്‍ന്നു. പൊതു വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറി നടത്തിയ ഹിയറിംഗില്‍ മുഹമ്മദാലി മാപ്പ് അപേക്ഷിച്ച് വിശദീകരണം നല്‍കി. ഗുരുതര സ്വഭാവത്തിലുള്ളതല്ല തെറ്റ് എന്നാണ് വകുപ്പ് തല അന്വേഷണത്തില്‍ കണ്ടെത്തിയത്. എന്നാല്‍ പെരുമാറ്റ ചട്ടത്തെ ബാധിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് പെന്‍ഷന്‍ തുകയില്‍ നിന്നും പ്രതിമാസം 500 രൂപ പിടിക്കാനുള്ള ഉത്തരവ്. വിരമിക്കല്‍ ആനുകൂല്യങ്ങളും ഇതുവരെ നല്‍കിയിട്ടില്ല.

 

Leave a Reply

Your email address will not be published. Required fields are marked *