അച്ചു ഉമ്മന്‍ എതിരെ സമൂഹമാധ്യമങ്ങളിലൂടെ സൈബര്‍ ആക്രമണം

കോട്ടയം : ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍ എതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന സൈബര്‍ ആക്രമണം ശുദ്ധ മര്യാദകേടെന്ന് പുതുപ്പള്ളിയിലെ ഇടത് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസ്. മുന്‍ മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ ആയാലും വ്യക്തി അധിക്ഷേപം അംഗീകരിക്കാന്‍ കഴിയില്ല. അന്തസുള്ളവര്‍ വ്യക്തി അധിക്ഷേപത്തെ പിന്തുണക്കില്ലെന്നും ജെയ്ക്ക് പറഞ്ഞു.
പുതുപ്പള്ളി തെരഞ്ഞെടുപ്പിലേക്ക് കടക്കുന്ന വേളയില്‍ ഉമ്മന്‍ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മനെതിരെ വലിയ രീതിയിലുള്ള സൈബറാക്രമണമാണ് സോഷ്യല്‍മീഡിയ പ്ലാറ്റ്ഫോമുകളിലുണ്ടാകുന്നത്. കണ്ടന്റ് ക്രിയേറ്ററായ അച്ചു ധരിക്കുന്ന ബ്രാന്റഡ് വസ്ത്രങ്ങള്‍, ബാഗുകളടക്കമുള്ളതിന്റെ വിലയടക്കം പ്രചരിപ്പിക്കുകയും അപകീര്‍ത്തിപരമായ രീതിയിലടക്കം ചിത്രീകരിക്കുകയും ചെയ്യുന്നതിനെതിരെ വലിയ തോതില്‍ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.
സൈബര്‍ അധിക്ഷേപത്തിനെതിരെ കഴിഞ്ഞ ദിവസം അച്ചു ഉമ്മന്‍ പ്രതികരിച്ചു. സൈബര്‍ പോരാളികള്‍ തന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങള് നടത്തുകയാണെന്നും പിതാവിന്റെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഇന്നുവരെ ജീവിതത്തില്‍ ഉണ്ടാക്കിയിട്ടില്ലെന്നും അച്ചു ഫേസ്ബുക്കില്‍ കുറിച്ചു. ഉമ്മന്‍ചാണ്ടിയുടെ സല്‍പേരിന് കളങ്കം ഉണ്ടാക്കും വിധത്തിലുള്ള സൈബര്‍ പ്രചാരണങ്ങള്‍ നിരാശാജനകമാണ്. തന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാന്‍ ഉറച്ചുനില്‍ക്കുന്നുവെന്നും അച്ചു ഫെയ്സ്ബുക്ക് കുറിപ്പില്‍ പ്രതികരിച്ചു.
അച്ചു ഉമ്മന്റെ ഫേസ്ബുക്ക് കുറിപ്പ് ഇങ്ങനെ
കണ്ടന്റ് ക്രിയേഷൻ ഒരു പ്രഫഷനായി ഞാൻ തിരഞ്ഞെടുത്തത് 2021 ഡിസംബറിലാണ്. ഫാഷൻ, യാത്ര, ലൈഫ് സ്റ്റൈൽ, കുടുംബം തുടങ്ങിയ വിഷയങ്ങളിൽ ഞാൻ സൃഷ്ടിച്ച കണ്ടന്റ് മികച്ച അഭിപ്രായം നേടിയിട്ടുണ്ട്. അതുവഴി അനേകം ബ്രാൻഡുകളുമായി സഹകരിക്കാനുള്ള അവസരവും എനിക്കു ലഭിച്ചിട്ടുണ്ട്. ഇത്രയും നാളായി ഈ പ്രഫഷനിൽ എന്റെ പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ച് ഒരു നേട്ടവും ഞാൻ സ്വന്തമാക്കിയിട്ടില്ല. ഞാൻ ചെയ്ത എല്ലാ കാര്യങ്ങളിലും എപ്പോഴും സുതാര്യത പുലർത്തിയിട്ടുമുണ്ട്.
എന്നാൽ, കുറച്ചു ദിവസങ്ങളായി ചില സൈബർ പോരാളികൾ എന്റെ കരിയറുമായി ബന്ധപ്പെടുത്തി വ്യജപ്രചാരണങ്ങൾ നടത്തുന്നതു ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. യശ്ശശരീനായ എന്റെ പിതാവിന്റെ സൽപ്പേരിനു കളങ്കമുണ്ടാക്കുന്ന തരത്തിലാണ് അവരുടെ ഇടപെടലുകൾ. ഇതു വളരെ നിരാശാജനകമാണ്.
പുതിയ മോഡൽ വസ്ത്രങ്ങൾ, ഫാഷൻ സമീപനങ്ങൾ, പുതിയ ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകൾ തുടങ്ങിയവയൊക്കെ പരിചയപ്പെടുത്തുകയാണ് എന്റെ ജോലി. അതിന് എനിക്ക് കുറെ യാത്രകളും മറ്റും ചെയ്യേണ്ടി വന്നിട്ടുണ്ട്. എന്റെ ഭർത്താവിന്റെയും കുട്ടികളുടെയും പൂർണ പിന്തുണയോടെയാണ് ഞാനിതൊക്കെ ചെയ്യുന്നത്.
എന്നാൽ, ഈ യാത്രകളുടെ ചിത്രങ്ങളും മറ്റും ഉപയോഗിച്ച് എനിക്കെതിരെ നടത്തുന്ന വ്യാജപ്രചാരണം അടിസ്ഥാനരഹിതമാണ്. ഞാനൊരിക്കലും എന്റെ ചെറിയൊരു നേട്ടത്തിനു വേണ്ടിപ്പോലും പിതാവ് ഉമ്മൻ ചാണ്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല എന്ന് ആവർത്തിക്കുന്നു. എന്റെ ജോലിയിലും അതിനെ സമീപിക്കുന്ന സത്യസന്ധതയിലും ഞാൻ ഉറച്ചുനിൽക്കുന്നു.