ഡി സി സി പുനഃസംഘടന: അധ്യക്ഷ പദവിക്കായി കരുനീക്കങ്ങള്‍ സജീവം, ‘ഓടിത്തളർന്നകുതിര’കളുംപട്ടികയിൽ

തിരുവനന്തപുരം: സംസ്ഥാനത്തെ ഡി സി സി പുനഃസംഘടന ഉറപ്പായതോടെ കോൺഗ്രസിൽ കരുനീക്കങ്ങൾ സജീവം . കേരളത്തിന്‍റെ ചുമതലയുള്ള ഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷിക്ക് നേരിട്ട് ബയോഡാറ്റ വരെ നൽകി അധ്യക്ഷ സ്ഥാനം ഉറപ്പിക്കാനുള്ള നീക്കങ്ങൾ വരെ നേതാക്കൾ നടത്തുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് പടിവാതിക്കലെത്തിയതിനാൽ എല്ലാവരേയും കൂട്ടിയോജിപ്പിച്ചു കൊണ്ടുപോകാൻ കഴിയുന്ന നേതാക്കൾ ഡിസിസി അധ്യക്ഷ സ്ഥാനത്ത് എത്തണ എത്തണമെന്ന അഭിപ്രായം ശക്തമാണ്. തിരുവനന്തപുരത്ത് പാലോട് രവി ഇറങ്ങിപ്പോയപ്പോള്‍ എന്‍ ശക്തനും ടി.ശരത്ചന്ദ്ര പ്രസാദും വീണ്ടും ലിസ്റ്റില്‍ കയറിക്കൂടി. ഇതിൽ ജില്ലയിൽ പരക്കെ പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു. പാര്‍ട്ടിയില്‍ സജീവില്ലാത്ത പേരുകള്‍ ലിസ്റ്റില്‍ കടന്നുകൂടിയതും പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്.

തിരുവനന്തപുരത്ത് ചെമ്പഴന്തി അനിൽ , മണക്കാട് സുരേഷ്, കെ എസ് ശബരീനാഥന്‍, എന്നിവര്‍ക്കൊപ്പമാണ് ശക്തൻനാടാരും ശരത് ചന്ദ്രപ്രസാദും ലിസ്റ്റില്‍ കയറികൂടിയത്. മികച്ച സംഘാടകനും ജില്ലയിലെ കോൺഗ്രസ് പ്രവർത്തകർക്കിടയിൽ നിറ സാനിദ്ധ്യവുമായ ചെമ്പഴന്തി അനിലിനാണ് നിലവിൽ മുൻതൂക്കം.ആഗസ്റ്റ് 10 നകം ലിസ്റ്റ് പുറത്തിറക്കാനാണ് നേതൃത്വത്തിന്‍റെ തീരുമാനം. ഇതോടെപ്പം കെ.പി സി സി ഭാരവാഹികളുടെ ലിസ്റ്റും പുറത്തുവരും. കഴിഞ്ഞ പുനഃസംഘടനയില്‍ ഇത്തരം വയോധികരെ നിയമിച്ച തിരുവനന്തപുരം, ഇടുക്കി, കൊല്ലം, ആലപ്പുഴ പോലുള്ള ജില്ലകളില്‍ ഉണ്ടായ പരാജയം നേതൃത്യം ഗൗരവത്തോടെയാണ് കാണുന്നത്.

അതേസമയം യുവ നേതാക്കളെ പരീക്ഷിച്ച എറണാകുളം, മലപ്പുറം, കോഴിക്കോട് പോലുള്ള ജില്ലകളില്‍ മികച്ച പ്രവർത്തനം കാഴ്ചവയ്ക്കാൻ ഡിസിസി കൾക്ക് കഴിഞ്ഞുവെന്നും എഐസിസി കാണ്ടെത്തിയിട്ടുണ്ട്. എറണാകുളത്ത് അജയ് തറയിലും ഇടുക്കിയില്‍ എസ് അശോകനും കോട്ടയത്ത് ഫിലിപ്പ് ജോസഫും ലിസ്റ്റില്‍ കയറിക്കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍.തെരഞ്ഞെടുപ്പുകള്‍ക്ക് മുന്നോടിയായി പാര്‍ട്ടിയുടെ മുഖം മിനുക്കാനാണ് പുനസംഘടനയെന്ന് പറയുമ്പോഴും പ്രായാധിക്യമോ, ആരോഗ്യ പ്രശ്നങ്ങളോ പ്രവര്‍ത്തന മുരടിപ്പോ കൊണ്ടൊക്കെ കാലങ്ങളായി പാര്‍ട്ടിയില്‍ സജീവമല്ലാത്ത ചില പഴയ മുഖങ്ങള്‍ പോലും പുനസംഘനാ ലിസ്റ്റില്‍ ഇടംപിടിച്ചെന്നതാണ് പ്രതിക്ഷേധത്തിന് ഇടയാക്കിയത്. അടുത്തിടെ നിയമനം നടത്തിയ തൃശൂര്‍ ഡിസിസി ഒഴികെയുള്ള 13 ഡിസിസികളും പുനസംഘടിപ്പിക്കുക എന്ന തീരുമാനത്തിലേയ്ക്ക് നേതൃത്വം നീങ്ങുന്നത്.

കഴിഞ്ഞ പുനഃസംഘടനയില്‍ ഇത്തരം പാഠം ങ്ങൾ മനസ്സിലാക്കാതെയാണ് ഇപ്പോള്‍ വീണ്ടും ഓടിത്തളർന്ന കുതിര കളുമായി പട്ടിക വരുന്നത്.അവരൊക്കെ ഒരുകാലത്ത് പാർട്ടിയുടെ ശക്തമായ മുഖങ്ങള്‍ ആയിരുന്നിരിക്കാം. പക്ഷേ ഏത് കാലത്താണെന്ന് എന്ന് ഓർക്കുന്നത് നന്നായിക്കുമെന്നാണ് പ്രവർത്തകർ പറയുന്നത്.കൊല്ലത്ത് ജ്യോതികുമാര്‍ ചാമക്കാല, സൂരജ് രവി, എംഎം നസീര്‍, അഡ്വ. പി ജര്‍മിയാസ്, എരൂര്‍ സുഭാഷ് എന്നിവര്‍ക്കൊപ്പം തൊടിയൂര്‍ രാമചന്ദ്രനെന്ന പഴയ നേതാവും ലിസ്റ്റിൽ കയറിക്കൂടി.പത്തനംതിട്ടയില്‍ പഴകുളം മധുവിനൊപ്പം അനീഷ് വരിക്കണ്ണാമല, എസ് സുരേഷ് കുമാര്‍, ജോര്‍ജ് മാമ്മന്‍ എന്നിവരും ലിസ്റ്റില്‍ ഇടംപിടിച്ചു.

കോട്ടയത്ത് തിരുവഞ്ചൂര്‍ രാധാക‍‍ൃഷ്ണന്‍റെ നോമിനിയായി ഫില്‍സണ്‍ മാത്യൂസ് ലിസ്റ്റില്‍ ഒന്നാമനായപ്പോള്‍ കത്തോലിക്കാ പ്രാതിനിധ്യം എന്ന മറുവാദവുമായി ചാണ്ടി ഉമ്മനും രംഗത്തുണ്ട്.ഫില്‍സണ്‍ യാക്കോബായ സഭാംഗമായതിനാല്‍ അദ്ദേഹത്തെ പരിഗണിച്ചാല്‍ മറ്റെവിടെയെങ്കിലും ഓര്‍ത്തഡോക്സ് പരിഗണന വേണ്ടിവരുമെന്നതും ഫില്‍സണ് എതിരാണ്.എറണാകുളത്ത് മുന്‍ എംഎല്‍എ വിപി സജീന്ദ്രനാണ് മുന്‍ഗണന. എംആര്‍ അഭിലാഷ്, സക്കീര്‍ ഹുസൈന്‍ എന്നിവര്‍ക്കൊപ്പം പഴയ നേതാവ് അജയ് തറയിലും ഇവിടെ ലിസ്റ്റില്‍ കയറിക്കൂടി.പാലക്കാട് ‘ഐ’ ഗ്രൂപ്പിന്‍റെ നോമിനിയായി പിവി രാജേഷ് പരിഗണിക്കപ്പെടുന്നു. സുമേഷ് അച്യുതന്‍, ബോലഗോപാല്‍ എന്നിവരാണ് പരിഗണിക്കപ്പെടുന്ന മറ്റുള്ളവര്‍.മലപ്പുറത്ത് റിയാസ് മുക്കോളിയുടെയും കോഴിക്കോട് പിഎം നിയാസിന്‍റെയും പേരുകള്‍ക്കാണ് മുന്‍തൂക്കം. കോഴിക്കോട് കെ ജയന്തിന്‍റെ പേരും ലിസ്റ്റിലുണ്ട്.വയനാട് ടിജെ ഐസക്, പിഡി സജി, ഷംസദ് മരയ്ക്കാ്‍ര്‍ എന്നിവര്‍ക്കാണ് പരിഗണന. കാസര്‍കോഡ് കെ നീലകണ്ഠന്‍, ബിഎം ജമാല്‍ എന്നിവരും പരിഗണിക്കപ്പെടുന്നു.കണ്ണൂരില്‍ മുന്‍ മേയര്‍ ടിഒ മോഹനനാണ് മുന്‍ഗണന. കെ സുധാകരന്‍റെ പിന്തുണയാണ് കണ്ണൂരില്‍ പ്രധാനം. സുരേഷ് ബാബു ഇളയാവൂരിന്‍റെ പേരും ഇവിടെ ലിസ്റ്റിലുണ്ട്.