എൻ എം വിജയന്റെ മരണം: ഐ സി ബാലകൃഷ്ണൻ എം എൽ എയെ ചോദ്യം ചെയ്തത് നാല് മണി്ക്കൂർ

കൽപ്പറ്റ: വയനാട് ഡി.സി.സി ട്രഷറർ എൻ.എം വിജയന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സുൽത്താൻബത്തേരി എം.എൽ.എ ഐ.സി ബാലകൃഷ്ണനെ അന്വേഷണ സംഘം ചോദ്യം ചെയ്തത് നാല് മണിക്കൂർ . പുത്തൂർവയൽ ജില്ലാപോലീസ് ഹെഡ് ക്വാർട്ടർ ക്യാമ്പിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ. ചോദ്യം ചെയ്യൽ നാളെയും തുടരും.

അന്വേഷണ ഉദ്യോഗസ്ഥനായ ബത്തേരി ഡിവൈ.എസ്.പി കെ.കെ. അബ്ദുൽ ഷരീഫിന്റെ നേതൃത്വത്തിലായിരുന്നു ചോദ്യം ചെയ്യൽ. ഇന്ന് രാവിലെ 11 മണിയോടെയാണ് ഐ.സി ബാലകൃഷ്ണൻ എത്തിയത്. എൻ.എം വിജയൻ കെ.പി.സി.സി പ്രസിഡന്റിനും, മക്കൾക്കും എഴുതിയ കത്തുകളിലെ പരാമർശത്തെക്കുറിച്ചാണ് അന്വേഷണസംഘം പ്രധാനമായും ചോദിച്ചത്. നിയമനത്തിന് നൽകിയതായി പറയുന്ന ശുപാർശക്കത്തുമായി ബന്ധപ്പെട്ട കാര്യങ്ങളും ചോദിച്ചറിഞ്ഞു.

ഡി.സി.സി പ്രസിഡന്റ് എൻ.ഡി അപ്പച്ചൻ ,മുൻ ട്രഷറർ കെ.കെ ഗോപിനാഥൻ എന്നിവരെ കഴിഞ്ഞ ദിവസങ്ങളിൽ ചോദ്യം ചെയ്തിരുന്നു. ഇവർ രണ്ടു പേരെയും അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടയച്ചു. ഐ.സി ബാലകൃഷ്ണൻ എം.എൽ.എയേയും കേസിൽ അറസ്റ്റ് ചെയ്‌തേക്കും. അറസ്റ്റ് ചെയ്താൽ ഉടൻതന്നെ ജാമ്യം നൽകണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. അന്വേഷണവുമായി പൂർണമായും സഹകരിക്കുമെന്നും,,താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും ഐ.സി.ബാലകൃഷ്ണൻ എം.എൽ.എ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *