അടിമുടി ദുരൂഹത ! പെണ്‍സുഹൃത്ത് നല്‍കിയ കഷായം കുടിച്ചയുടന്‍ ഛര്‍ദ്ദിയും അസ്വസ്ഥതയും..ഷാരോണിന്റെ മരണം കൊലപാതകമോ ?

പെണ്‍ സുഹൃത്ത് നല്‍കിയ ജ്യൂസ് കുടിച്ചതിനെ തുടര്‍ന്നുണ്ടായ ആരോഗ്യപ്രശ്‌നമാണ് മരണകാരണമെന്ന് ആരോപിച്ച് യുവാവിന്റെ ബന്ധുക്കള്‍ പാറശ്ശാല പോലീസിനു പരാതി നല്‍കി. തന്റെ മകന് പെണ്‍കുട്ടി വിഷം നല്‍കിയതാണെന്നും സംഭവത്തില്‍ കേസെടുത്ത് അന്വേഷിച്ച് നീതി നടപ്പിലാക്കണമെന്ന് ആവശ്യപ്പെട്ടുമാണ് ഷാരോണിന്റെ അച്ഛന്‍ ജയരാജ് പാറശാല പോലീസില്‍ പരാതി നല്‍കിയത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

കാരക്കോണം സ്വദേശിനിയുമായി ഷാരോണ്‍ രാജ് അടുപ്പത്തിലായിരുന്നു. ഇരുവരും വെട്ടുകാട് പളളിയില്‍ പോയി വിവാഹിതരായെന്നും സുഹൃത്തുകള്‍ പറയുന്നു. എന്നാല്‍ പിന്നീട് രണ്ടുപേരും അവരവരുടെ വീടുകളിലാണ് താമസിച്ചിരുന്നത്. റെക്കോര്‍ഡ് ബുക്കുകള്‍ ഉള്‍പ്പെടെ ഈ പെണ്‍കുട്ടി എഴുതി ഷാരോണ്‍ രാജിനെ സഹായിക്കുക പതിവായിരുന്നു. എന്നാല്‍, പെണ്‍കുട്ടിക്ക് വീട്ടുകാര്‍ വെറെ വിവാഹ ആലോചന കൊണ്ടുവന്നതോടെ ഇവരുടെ ബന്ധത്തില്‍ വിള്ളല്‍ ഉണ്ടായി. പെണ്‍കുട്ടിയുമൊത്തുളള സ്വകാര്യദൃശ്യങ്ങള്‍ ഷാരോണിന്റെ ഫോണിലുണ്ടായിരുന്നൂവെന്നാണ് സംശയിക്കുന്നത്.കഴിഞ്ഞ പതിനാലാം തീയതി പെണ്‍കുട്ടിയുടെ നിര്‍ദേശപ്രകാരം ഷാരോണ്‍ സുഹൃത്ത് റെജിനുമൊത്ത് രാമവര്‍മന്‍ചിറയിലുള്ള പെണ്‍കുട്ടിയുടെ വീട്ടില്‍ റെക്കോര്‍ഡ് ബുക്കുകള്‍ തിരികെ വാങ്ങാന്‍ പോയിരുന്നു.

കൂട്ടുകാരനായ റെജിനുമൊത്ത് പെണ്‍കുട്ടിയുടെ വീട്ടിലെത്തിയെങ്കിലും റെജിനെ പുറത്ത് നിര്‍ത്തി ഷാരോണ്‍ ഒറ്റയ്ക്കാണ് വീട്ടിനുളളിലേക്ക് പോയത്. അല്‍പസമയം കഴിഞ്ഞ് ഛര്‍ദിച്ച് അവശനിലയില്‍ ഷാരോണ്‍രാജ് പുറത്തേക്ക് എത്തുകയായിരുന്നൂവെന്ന് റെജിന്‍ പറയുന്നു. പെണ്‍കുട്ടി നല്‍കിയ പാനീയം കഴിച്ച ഉടന്‍ ഛര്‍ദ്ദില്‍ അനുഭവപ്പെട്ടതായി പറഞ്ഞു. അവശനായ ഷാരോണ്‍രാജിനെ വാഹനത്തില്‍ കയറ്റി റെജിന്‍ മുര്യങ്കരയിലെ വീട്ടില്‍ എത്തിച്ചു. തുടര്‍ന്ന് പാറശാല താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പ്രാഥമിക ചികിത്സക്ക് ശേഷം ആന്തരിക രക്തസ്രാവം ഉണ്ടോയെന്ന സംശയത്താല്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് റെഫര്‍ ചെയ്തു. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നടത്തിയ വിശദമായ പരിശോധനകളിലും ലാബ് ടെസ്റ്റുകളിലും ഗുരുതര പ്രശ്‌നങ്ങള്‍ ഇല്ലാത്തതിനാല്‍ രാത്രിയോടെ വീട്ടിലേക്ക് അയച്ചു.

എന്നാല്‍ പിറ്റേ ദിവസം വായ്ക്കുള്ളില്‍ വ്രണങ്ങള്‍ രൂപപ്പെട്ട് വെള്ളം പോലും കുടിക്കാന്‍ കഴിയാത്ത സ്ഥിതിയിലേക്ക് മാറി. 17ന് വീണ്ടും മെഡിക്കല്‍ കോളജ് ആശുപത്രിയിലെ പരിശോധനകളില്‍ വൃക്കകളുടെ പ്രവര്‍ത്തനം കുറയുന്നതായി തെളിഞ്ഞു. അടുത്ത ദിവസങ്ങളില്‍ പല ആന്തരികാവയവങ്ങളുടെയും പ്രവര്‍ത്തനം മോശമായി. ഒന്‍പത് ദിവസത്തിനുള്ളില്‍ അഞ്ച് തവണ ഡയാലിസിസ് നടത്തി. തുടര്‍ന്ന്, വെന്റിലേറ്ററിലേക്കു മാറ്റി. പിന്നീട് ആന്തരികാവയവങ്ങള്‍ തകരാറിലായി മരണത്തിന് കീഴടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *